രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരിയും കുടുങ്ങും.ദുര്‍മന്ത്രവാദവും കൊലപാതകത്തിനു കാരണമായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട തുഷാരയുടെ മക്കളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.ഭര്‍ത്താവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും തുഷാരയെ മര്‍ദിച്ചിരുന്നുവെന്നാണ് അയല്‍വാസികളുടെ മൊഴി. ഇതേത്തുടര്‍ന്നാണ് കേസില്‍ കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കുന്നതിനെപ്പറ്റി അന്വേഷണ സംഘം ആലോചിക്കുന്നത്.
റിമാന്‍ഡിലുള്ള തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍ ഇയാളുടെ അമ്മ ഗീതാലാല്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷമേ ഈക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. ആഭിചാരക്രിയയുടെ ഭാഗമായിട്ടാണോ തുഷാരയെ പട്ടിണിക്കിട്ടതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കരുനാഗപ്പള്ളി അയണിവേളിക്കുളങ്ങര തെക്ക് തുഷാരഭവനില്‍ തുഷാര (26) മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് പൂയപ്പള്ളി ചെങ്കുളം കുരിശുംമൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍(30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 2013ല്‍ വിവാഹവേളയില്‍ തുഷാരയ്ക്ക് 20 പവന്റെ ആഭരണങ്ങള്‍ നല്‍കിയിരുന്നു. വാഗ്ദാനം ചെയ്തിരുന്ന രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദനം പതിവാക്കിയിരുന്നു. പട്ടിണി കിടന്ന് തളര്‍ന്നു വീഴുമ്പോള്‍ ഭക്ഷണമായി നല്‍കിയിരുന്നതാവട്ടെ പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയുമായിരുന്നു.
ഗീതാലാലിന്റെ അടുത്ത് ആളുകള്‍ ആഭിചാരകര്മങ്ങള്ക്കെത്തുമ്പോള് തുഷാരയെ അവര്‍ക്കു മുമ്പില്‍ അര്ധബോധാവസ്ഥയിലിരുത്തുകയായിരുന്നു പതിവ്. തുഷാരയുടെ ശരീരത്തില്‍ പരേതാത്മാക്കളുണ്ടെന്നു ബോധ്യപ്പെടുത്തി സംസാരിപ്പിക്കുന്നതും പതിവാക്കിയിരുന്നു. തുഷാര മൗനമായിരുന്നാല്‍ ആത്മാവ് സംസാരിക്കുന്നില്ലെന്നു പറഞ്ഞായിരുന്നു ക്രൂരമര്‍ദനം. തുഷാരയുടെ നിലവിളികളും ഞരക്കങ്ങളും പതിവായി കേള്‍ക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ 21നാണു തുഷാര ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ഉച്ചയ്ക്കു പന്ത്രണ്ടിനു തുഷാരയുടെ മൃതദേഹമാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ശരീരം അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു. ഏറെ നാളായി ആഹാരം കഴിച്ചിരുന്നില്ലെന്നും 20 കിലോഗ്രാം മാത്രമായിരുന്നു ശരീരഭാരമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ശരീരമാസകലം മുറിവുകളും ചതവുകളും ഉണങ്ങിയ മുറിപ്പാടുകളും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചിരുന്നെങ്കിലും ചികിത്സ കിട്ടിയിരുന്നില്ലെന്നും വ്യക്തമായി. തുടര്‍ന്നു ഭര്‍ത്താവ് ചന്തുലാലിനെ പോലീസ് ചോദ്യംചെയ്തിരുന്നു.
നേരത്തേ പ്രാക്കുളം കാഞ്ഞാവെളിയിലായിരുന്നു താമസം. ദുര്‍മന്ത്രവാദം നടത്തുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തതോടെ വീടുവിറ്റ് ചെങ്കുളം പറണ്ടോട്ടേക്കു താമസം മാറ്റി. വീടിന് മുന്നിലായി സ്ഥാപിച്ചിട്ടുള്ള മുറിയില്‍ ഗീതാലാല്‍ ദുര്‍മന്ത്രവാദവും പ്രശ്നംവയ്പും നടത്തുന്നുണ്ടായിരുന്നു. രാത്രി വാഹനങ്ങള്‍ വന്നുപോകുന്നതു പതിവായതോടെ നാട്ടുകാര്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും പുരയിടത്തിലേക്കു പോലും പ്രവേശനം നിഷേധിച്ചു.
തുഷാരയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകാനോ ഫോണില്‍ സംസാരിക്കാനോ അനുമതിയുണ്ടായിരുന്നില്ല. ആറ് വര്‍ഷത്തിനിടെ വീട്ടില്‍ പോയതു വെറും മൂന്നുതവണ മാത്രമാണ്. ബന്ധുക്കളെത്തിയാല്‍ തുഷാരയെ കാണാന്‍ അനുവദിക്കുമായിരുന്നില്ല. ആരെങ്കിലും എത്തിയാല്‍ തുഷാരയെ മര്‍ദിക്കുകയും ചെയ്യും. രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ കാണാന്‍ തുഷാരയുടെ വീട്ടുകാര്‍ക്കു പോലീസിന്റെ സഹായം വേണ്ടിവന്നു. ഇനിയാരും തന്നെ കാണാന്‍ വരേണ്ടെന്നും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും തുഷാര വീട്ടുകാരെ അറിയിച്ചതോടെ ബന്ധുക്കള്‍ കാണാന്‍ പോകാതെയായി. അറസ്റ്റിലായ ചന്തുലാലിനും ഗീതാലാലിനുമെതിരേ സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നിഷേധിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണു കേസെടുത്തിരിക്കുന്നത്. ഝാന്‍സി (നാല്), ജിന്‍സി(രണ്ട്) എന്നിവരാണു തുഷാരയുടെ മക്കള്‍.