ചെങ്ങന്നുർ: ബിഡിജെഎസ് – ബിജെപി ഭിന്നതയ്ക്ക് താത്ക്കാലിക പരിഹാരം. ദിവസങ്ങളായി പാർട്ടി എൻഡിഎ മുന്നണി വിടുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്ന ഘട്ടത്തിൽ ഇന്നലെ കണിച്ചുകുളങ്ങരയിൽ ചേർന്ന സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ ഇത്തരം തീരുമാനങ്ങളൊന്നുമുണ്ടായില്ല. ബിജെപി കേരള ഘടകത്തിന്റെ ഏകപക്ഷീയമായ നിലപാടിനെത്തുടർന്നായിരുന്നു ബിഡിജെഎസ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം എൻഡിഎ വിടാൻ തീരുമാനിച്ചത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ വരെ പാർട്ടി തീരുമാനിച്ചിരുന്നതുമാണ്. അമിത്ഷായുടെ ഇടപെടലാണ് സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലെ തീരുമാനങ്ങൾ മാറിമറിയാൻ കാരണമായത്.
ബിജെപി സംസ്ഥാന കമ്മറ്റിയുടെ ഏകപക്ഷീയമായ നിലപാടുകൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും നേരത്തെ ബിഡിജെഎസിന് നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുമെന്നും തുഷാർ വെള്ളാപ്പള്ളിക്ക് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ ഉറപ്പുനൽകിയതായുമാണ് സൂചന.
കോർപ്പറേഷനുകളിലുൾപ്പെടെ പ്രതിനിധികളെ ഉൾപ്പെടുത്താമെന്നും അമിത്ഷാ ഉറപ്പ് നൽകിയിട്ടുണ്ട്. ബിജെപി കേരള ഘടകത്തിന്റെ നയങ്ങൾക്കെതിരെയും തുഷാർ അമിതാഷോയോട് പരാതിപ്പെട്ടതായാണ് സൂചന. കൗണ്‍സിൽ യോഗത്തിൽ ബിജെപിക്കെതിരെ ബിഡിജെഎസ് പ്രതിനിധികൾ ശക്തമായി പ്രതികരിച്ചു.
ബിഡിജെഎസിന് മുകളിൽ കയറി വളരാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അതിനൊരിക്കലും സാധിക്കില്ലെന്നും യോഗം വിലയിരുത്തി. തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കീരമണ്‍ കാളിദാസ ഭട്ടതിരി, പി.വി. ബാബു, സുബാഷ് വാസു, അരയക്കണ്ടി സന്തോഷ്, കെ.കെ. മഹേശൻ എന്നിവരുൾപ്പെടെയുള്ള നേതാക്ക·ാരും പങ്കെടുത്തിരുന്നു.