ചേർത്തല: വനിതാമതിലിന് പിന്തുണയുമായി ബിഡിജഐസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും രംഗത്ത്. ഇതോടെ സംസ്ഥാനത്ത് എൻഡിഎ യുടെ നിലനിൽപ് അവതാളത്തിലായി. നിലവിൽ എൻഡിഎയുടെ ഭാഗമായുള്ള ബിഡിജഐസ് ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാരിനെതിരെയുള്ള സമരത്തിൽ മുന്‍പന്തിയിൽ നിൽക്കവേയാണ് അപ്രതീക്ഷിതമായി തുഷാർ വെള്ളാപ്പളളി മലക്കം മറിയുന്നത്.
ഇന്നലെ ചേർത്തലയിൽ കൂടിയ എസ്എൻഡിപി യോഗം അടിയന്തിര കൗണ്‍സിലിലാണ് തുഷാർ വെള്ളാപ്പള്ളി താൻ ഇതുവരെ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിൽ നിന്നും എതിരായ നിലപാട് സ്വീകരിച്ചത്. ഇതോടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം തുഷാർവെള്ളാപ്പള്ളിയും എൽഡിഎഫുമായി കൈകോർക്കുന്നുവെന്ന സൂചനയാണ് നല്‍കിയത്.
സംസ്ഥാനത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ ഇതോടെ ശിഥിലമാകുകയാണ്. ഇന്നലെ ചേർത്തലയിൽ കൂടിയ എസ്എൻഡിപി യോഗം അടിയന്തര കൗണ്‍സിൽ സംസ്ഥാന സർക്കാർ മുൻകൈ എടുത്തുനടത്തുന്ന വനിതാമതിൽ വിജയിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിലാണ് തീരുമാനം. ബിഡിജഐസ് നേതാവായ തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപിയുടെ വൈസ് പ്രസിഡന്റുകൂടിയാണ്. വനിതാ മതിലിന്റെ പേരിൽ എസ്എൻഡിപിയിലും, താനും തുഷാറുമായും അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും യോഗത്തിൽ വിള്ളലുകൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കൗണ്‍സിലിനുശേഷം വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാസ്ത്രീകളും വനിതാമതിലിൽ അണിനിരക്കണമെന്നും ഇതിനെ എതിർക്കുന്നത് രാഷ്ട്രീയ വകതിരിവില്ലായ്മയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുപ്രതിമയുടെ കഴുത്തിൽ കയറിട്ടു വലിച്ചതിലടക്കം കമ്യൂണിസ്റ്റു പാർട്ടിയുമായി ആശയപോരാട്ടങ്ങളുണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ ഭിന്നതകളില്ല. ശബരിമലവിഷയവും വനിതാമതിലും കൂട്ടികുഴക്കേണ്ടതില്ലെന്നും സ്ത്രീ പ്രവേശനവിഷയം കോടതിക്കു മുന്നിലാണെന്നും അതവിടെ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വനിതാ മതിലിന്റെ വിജയത്തിനായി പ്രത്യേക യോഗം വിളിക്കുവാൻ വനിതാ യോഗം കൗണ്‍സിലർമാരായ വനജാ വിദ്യാധരൻ, ഇ.എസ്. ഷീബ എന്നിവരെ കൗണ്‍സിൽ ചുമതലെപ്പെടുത്തി. പ്രസിഡന്റ് ഡോ.എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.