ചെന്നൈ: തൂത്തുക്കുടിയിൽ അറസ്റ്റിലായ അച്ഛനും മകനും പോലീസ് കസ്റ്റഡയിൽ നേരിട്ടത് അതികൂര മർദനം. ജയരാജ് (59), മകൻ ബെന്നിക്സ് (31) എന്നിവരാണു കോവിൽപെട്ടി സബ് ജയിലിൽ മരിച്ചത്.
മൊബൈൽ ഫോൺ കട നടത്തിയിരുന്ന ജയരാജിനെ കഴിഞ്ഞ 19ന് ലോക്ഡൗൺ ലംഘനം ആരോപിച്ച് കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് വിവരം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ബെന്നിക്സിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ബെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി . ബെന്നിക്സിന്റെ ലുങ്കി ചോരയിൽ മുങ്ങിയിരുന്നു. നിരവധി തവണയാണ് ആശുപത്രിയിൽ വച്ച് വസ്ത്രം മാറിയെന്ന് ഇവരുടെ അഭിഭാഷകനായ രവിചന്ദ്രൻ പറയുന്നു.
സബ്–ജയിലിൽ വച്ചാണ് ബെന്നിക്സ് ആദ്യം നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. ഇയാൾ പിന്നീട് ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു. ജയരാജിനെ കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.
തിങ്കളാഴ്ച ബെന്നിക്സും ചൊവ്വാഴ്ച ജയരാമനും മരണമടയുകയായിരുന്നു. സാത്താങ്കുളം സ്റ്റേഷനിലെ രണ്ടു സബ് ഇൻസ്പെക്ടർമാരാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണം- ബന്ധുക്കൾ ആവശ്യപ്പെട്ടു.
കോവിഡ് കാരണം ജയരാജനെയും മകൻ ബെന്നിക്സിനെയും നേരിട്ടു കാണാതെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്യുകയായിരുന്നുവെന്ന നുഷ്യാവകാശ സംഘടനയായ പീപ്പിൾസ് വാച്ച് വെളിപ്പെടുത്തി.
സംഭവത്തിൽ ജസ്റ്റിസ് ഫോർ ജയരാജ് ആൻഡ് ഫെനിക്സ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വൈറലാണ്. ചലച്ചിത്ര താരം ഖുഷ്ബു, ഹൻസിക, ജയം രവി, ശന്തനു, ഗൗതം കാർത്തിക്ക്, സംവിധായകൻ കാർത്തിക് സുബ്ബരാജ്, സംഗീത സംവിധായകൻ ഡി. ഇമ്മൻ എന്നിവർ കാന്പെയിന് പിന്തുണയുമായി രംഗത്ത് എത്തി.
ഇരുവരുടെയും കുടുംബത്തിന് 20 ലക്ഷം രൂപ വീതം സഹായധനം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചു. കുടുംബാംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.