ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കെല്ലാം സുപരിചിതനായ താരമാണ് ത്യാഗരാജന്. നടനും സംവിധായകനും സ്റ്റണ്ട് മാസ്റ്ററും തമിഴ് ചലച്ചിത്ര നിര്‍മാതാവുമെല്ലാമാണ് അദ്ദേഹം.
ന്യൂഡല്‍ഹി അടക്കമുള്ള നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടേയും ഭാഗമായിട്ടുള്ള നടന് കൂടിയാണ് അദ്ദേഹം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് അദ്ദേഹം ഏറെയും സിനിമകള്‍ ചെയ്തിട്ടുള്ളത്.
നടന് വിക്രമിന്റെ അമ്മാവന് കൂടിയാണ് ത്യാഗരാജന്. അച്ഛന്റെ വഴിയെ താരത്തിന്റെ മകന് പ്രശാന്തും സിനിമയില്‍ എത്തിയിരുന്നു.
ഒരു കാലത്ത് വലിയ ആരാധക വൃന്ദം ഉണ്ടായിരുന്ന നടനായിരുന്നു പ്രശാന്ത്. ജീന്‍സ് അടക്കമുള്ള സിനിമകളിലൂടെ ഇദ്ദേഹം ദക്ഷിണേന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല.
ലോക സുന്ദരി ഐശ്വര്യ റായി മുതലുള്ള സുന്ദരിമാര്‍ പ്രശാന്തിന്റെ നായികമാരായിട്ടുണ്ട്. 1990കളില്‍ ആണ് പ്രശാന്ത് നായകനായി തമിഴില്‍ തിളങ്ങിയത്.
പതിനേഴാം വയസില്‍ രാധാ ഭാരതി സംവിധാനം ചെയ്ത വൈഗസി പൊറന്താച്ച് എന്ന ചലച്ചിത്രത്തിലാണ് പ്രശാന്ത് ആദ്യമായി അഭിനയിച്ചത്.
1990കളുടെ അവസാനത്തില്‍ കണ്ണെതിരേ തോന്റിനാള്‍, കാതല്‍ കവിതൈ, ജോഡി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
നായക നടനായി തമിഴില്‍ വിലസുന്ന കാലത്ത് പൊടുന്നനെ പ്രശാന്ത് സിനിമകളില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങി.
2010ന് ശേഷാണ് വല്ലപ്പോഴുമെങ്കിലും സിനിമകള്‍ ചെയ്യാമെന്ന് പ്രശാന്ത് തീരുമാനിക്കുന്നതും മമ്പട്ടിയാന്‍ പോലുള്ള സിനിമകള്‍ ചെയ്യുന്നതും.
നാല്പത്തിയെട്ടുകാരനായ പ്രശാന്ത് വീണ്ടും സിനിമയില്‍ സജീവമാകണമെന്ന് ആഗ്രഹിക്കുന്ന നിരവധി പ്രേക്ഷകര്‍ ഇപ്പോഴും തെന്നിന്ത്യയിലുണ്ട്.
മകന്റെ കരിയര്‍ തകരാന്‍ കാരണമായതിന് പിന്നിലെ കാരണങ്ങളും പ്രശാന്തിന്റെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പിതാവ് ത്യാഗരാജന്.
വിവാഹമാണ് പ്രശാന്തിന്റെ സിനിമാ ജീവിതം തകര്‍ത്തത് എന്ന ഗോസിപ്പുകള്‍ ഏറെക്കുറെ ശരിയാണെന്നാണ് ത്യാഗരാജന് പറയുന്നത്.
ത്യാഗരാജന്റെ വാക്കുകള്‍ ഇങ്ങനെ…എനിക്ക് പ്രശാന്തിനോട് ഒരു മകന് എന്നതിലപ്പുറം ഉള്ള ബഹുമാനം ഉണ്ട്. എല്ലാത്തിലും വളരെ കൃത്യത കാണിച്ചിരുന്ന എല്ലാവരോടും ബഹുമാനം ഉള്ള വ്യക്തിയായിരുന്നു പ്രശാന്ത്.
പക്ഷെ അവന് പ്രതീക്ഷിച്ച നിലയില്‍ വളരാന്‍ സാധിച്ചില്ല. പ്രശാന്തിന് വേണ്ടിയാണ് ഞാന്‍ അഭിനയം നിര്‍ത്തിയത്.
മുരുഗദോസ് ആദ്യമായി സംവിധാനം ചെയ്ത ധീന എന്ന ചിത്രത്തിലേക്ക് ആദ്യം നായകനായി തീരുമാനിച്ചിരുന്നത് പ്രശാന്തിനെയായിരുന്നു.
കഥ പറഞ്ഞത് എന്നോടാണ്. ആ സമയത്ത് പ്രശാന്ത് മണിരത്നത്തിന്റെ ഒരു സിനിമയുടെ തിരക്കിലായിരുന്നു.
മൂന്ന് മാസം കൊണ്ട് മുരുഗദോസിന്റെ സിനിമ ചെയ്യാം എന്നാണ് പറഞ്ഞിരുന്നത്. അപ്പോഴേക്കും നിര്‍മ്മാതാവിന്റെ സമ്മര്‍ദ്ദം കാരണം ഷൂട്ടിങ് വേഗം ആരംഭിക്കേണ്ടതായി വന്നു.
ആ സാഹചര്യത്തിലാണ് അജിത്തിനെ നായകനാക്കിയത്. അതുപോലെ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലും പ്രശാന്തിന് പകരമാണ് അജിത്ത് അഭിനയിച്ചത്.
പ്രശാന്തിന്റെ ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയാണ് കരിയറിലും പ്രതിഫലിച്ചത് എന്നത് ഒരു അര്‍ത്ഥത്തില്‍ അത് ശരിയാണ്.’
പ്രശാന്തിന്റെ കല്യാണം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ്. അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന പെണ്‍കുട്ടിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രശാന്ത് പറഞ്ഞിരുന്നു.
പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു. നല്ല കുടുംബമായിരുന്നു അത്. എല്ലാവരും ഡോക്ടേഴ്സ് ആണ്.
അടുത്ത ബന്ധുവിലൂടെ വന്ന വിവാഹ ആലോചന ആയതിനാല്‍ അധികം അന്വേഷിച്ചിരുന്നില്ല. അതാണ് ഞങ്ങള്‍ പ്രശാന്തിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്.
ആ പെണ്‍കുട്ടി നേരത്തെ വിവാഹം ചെയ്തതായിരുന്നു അക്കാര്യം മറച്ച് വെച്ചുകൊണ്ടാണ് പ്രശാന്തുമായുള്ള വിവാഹം നടന്നത്.
അക്കാര്യം വിവാഹ മോചനം വരെയും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതിന്റെ കുറ്റബോധം കൊണ്ടോ മറ്റുള്ളവരുടെ സമ്മര്‍ദ്ദം കൊണ്ടോ പ്രശാന്തിനെ ഉപേക്ഷിച്ച് പോയത് അവര്‍ തന്നെയാണ്’.
പ്രശാന്തിന്റെ കല്യണവും അതിന് ശേഷം നടന്ന കഥകളും പുറത്ത് വന്നതോടെ അവന്റെ ഒരു ആരാധകനാണ് ആ പെണ്‍കുട്ടി നേരത്തെ വിവാഹിതയായിരുന്നു എന്ന കാര്യം ഞങ്ങളെ അറിയിച്ചത്.
അതൊരു രജിസ്റ്റര്‍ വിവാഹമായിരുന്നു. ആ രജിസ്റ്റര്‍ ഓഫീസില്‍ നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോള്‍ അത് ഞങ്ങള്‍ക്ക് ബോധ്യമാവുകയും ചെയ്തു.
പക്ഷെ തങ്ങളുടെ തെറ്റ് മറച്ച് വെച്ച് ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രശാന്തിന് എതിരെ കേസ് കൊടുക്കുകയും ഭീകരമായ തുക ജീവനാംശമായി ആവശ്യപ്പെടുകയും ആയിരുന്നു.
മകന് അങ്ങനെ ഒരു കല്യാണം ചെയ്ത് കൊടുത്തതില്‍ ഞാന്‍ ഇന്നും സങ്കടപ്പെടുന്നു.
വിവാഹ ജീവിതത്തിലെ ടോര്‍ച്ചറിങ് ആണ് പ്രശാന്തിന്റെ കരിയറില്‍ വീഴ്ച വരാനും കാരണമായത്’ എന്നും ത്യാഗരാജന് പറയുന്നുണ്ട്.