കഴുത്തിനുതാഴെ ശ്വാസനാളത്തിനുമുകളിൽ പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ജൈവരാസപ്രക്രിയകളിലും മാനസികാരോഗ്യത്തിലും ശാരീരിക പ്രവർത്തനങ്ങളിലും ഏറെ സ്വാധീനം ചെലുത്തുന്ന ഹോർമോണുകളുടെ ഉത്പാദനം നടക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലാണ്. അതുകൊണ്ട് ഈ ഹോർമോണുകളുടെ നില കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. തൈറോയ്ഡ് ഹോർമോണുകളുടെ നിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും.അതിനാൽ ശാരീരികവും മാനസികവുമായി നല്ല അവസ്ഥയിൽ ആയിരിക്കുന്നതിന് തൈറോയ്ഡ് ഹോർമോണുകൾ ശരിയായ അളവിൽ ഉണ്ടായിരിക്കണം.
തൈറോയ്ഡ് തകരാറിലായാൽ
തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:
* ശരീരത്തിന്റെ പ്രതിരോധശേഷി കുറയുക
* ശരീരത്തിന്റെ ഭാരം കുറയുക,
* മാനസിക വിഭ്രാന്തി * അസ്വസ്ഥത
* ഉറക്കം കുറയുക * ക്ഷീണം,
* പേശികളിൽ തളർച്ച അനുഭവപ്പെടുക,
* അസഹ്യമായ ചൂട് അനുഭവപ്പെടുക,
* കൈ വിറയ്ക്കുക,
* കൂടുതൽ വിയർക്കുക
* ഇടയ്ക്കിടെ വയറിളക്കം അല്ലെങ്കിൽ മലബന്ധം * ഹൃദയമിടിപ്പ് കൂടുതലാവുക
* മുടികൊഴിച്ചിൽ * ആർത്തവകാലത്ത് കൂടുതൽ രക്തം പോകുക * വന്ധ്യത.
അണുബാധകൾ, ശസ്ത്രക്രിയ, നീർക്കെട്ട് എന്നിവ പലരിലും തൈറോയ്ഡ് ഗ്രന്ഥിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു കാരണമാകാറുണ്ട്. കാൻസർ വേറൊരു പ്രശ്നമാണ്.
രോഗനിർണയം
രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോർമോണുകളുടെ നില മനസിലാക്കി കൃത്യമായ രോഗനിർണയം നടത്താൻ കഴിയും.
തൈറോയ്ഡ് മുഴ പെട്ടെന്നു വളർന്നാൽ
ചിലരിൽ കഴുത്തിൽ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ പെട്ടെന്ന് വളരുന്നതായി കണ്ടെന്നു വരാം. ഇതോടൊപ്പം ശബ്ദത്തിലും പ്രകടമായ വ്യത്യാസം വരുന്നതാണ്. ഇങ്ങനെ അനുഭവപ്പെടുന്നവർ എത്രയും നേരത്തെ ഡോക്ടറെ കാണണം. പുതിയ അറിവുകൾ അനുസരിച്ച് തൈറോയ്ഡ് ചികിത്സ ലളിതമാണ്. ചികിത്സയോടൊപ്പം അണുബാധ കൂടി പരിഗണിക്കുകയും മനശാസ്ത്ര സമീപനത്തോടെ കൈകാര്യം ചെയ്യുകയുമാണെങ്കിൽ രോഗശമനം എളുപ്പമാകും.