വളർച്ചയെയും ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉത്പാദിപ്പിക്കുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
കഴുത്തിന്റെ മുൻഭാഗത്ത് ചിത്രശലഭംപോലെ തോന്നിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെന്റിമീറ്റർ നീളവും 25 ഗ്രാം തൂക്കവും ഉണ്ടാകും. ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവർത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്.
കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണാണ്. ശരീരതാപം നിയന്ത്രിക്കുന്നതും കോശങ്ങളുടെ വളർച്ചയെയും വിഘടനത്തെയും നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഹോർമോണ് ആണ്.
ഹൃദയം, കിഡ്നി, സ്കിൻ, ബ്രെയിൻ, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിനും തൈറോയ്ഡ് ഹോർമോണ് അനിവാര്യമാണ്.
തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യങ്ങൾ മൂലം ഹോർമോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യങ്ങൾ മൂലം തൈറോയ്ഡിന് വീക്കം സംഭവിച്ച് ഗോയിറ്റർ വരാം. മുഴകൾ രൂപപ്പെടാം, ചില മുഴകൾ കാൻസർ ആയി മാറാനും സാധ്യതയുണ്ട്.
സ്ത്രീകളിൽ കൂടുതലാണോ?
സ്ത്രീകളെയും പുരുഷന്മാരെയും തൈറോയ്ഡ് രോഗങ്ങൾ ബാധിക്കാറുണ്ട്. സ്ത്രീകളിലാണ് തൈറോയ്ഡ് രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും ഫലപ്രദമായ ഹോമിയോപ്പതി ചികിത്സയിലൂടെയും തൈറോയ്ഡ് രോഗങ്ങൾ നിയന്ത്രിച്ച് പരിപൂർണമായി സുഖപ്പെടുത്താം.
ജീവിതശൈലിയിലെ മാറ്റം
തൈറോയ്ഡ് രോഗങ്ങൾക്കു പാരന്പര്യവുമായി ബന്ധം ഉണ്ട്. മാതാപിതാക്കളിൽ ആർക്കെങ്കിലും രോഗം ഉണ്ടെങ്കിൽ അടുത്ത തലമുറയിലും രോഗസാധ്യത ഏറെയാണ്.
അയഡിന്റെ കുറവ്, ശരീരത്തിലെ തന്നെ പ്രതിരോധ വ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവർത്തിക്കുക, ജീവിതശൈലിയിൽ വന്ന മാറ്റം, മാനസിക സംഘർഷം ഇവയൊക്കെ തൈറോയ്ഡ് രോഗങ്ങൾക്കിടയാക്കും.
വരണ്ട ചർമം, മുടികൊഴിച്ചിൽ
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞാൽ ഹോർമോണുകളുടെ അളവിലും കുറവ് ഉണ്ടാകും. തൈറോയ്ഡ് രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വ്യാപകമായി ഈ അവസ്ഥയാണ് കാണാറുള്ളത്. തൈറോയ്ഡ് ഹോർമോണുകളുടെ അളവിൽ കുറവ് വരുന്പോൾ ശരീരം തടിക്കുക, തണുപ്പ് സഹിക്കാൻ പറ്റാതാവുക, ക്ഷീണം, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, ക്രമം തെറ്റിയ ആർത്തവം, ഗർഭം അലസൽ, വിഷാദം തുടങ്ങിയവ കാണാറുണ്ട്.
(തുടരും)
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി, ഫോൺ – 9388620409