കുമരകം: ദീപാ കോട്ടേജിൽ ടിബിന്റെ മരണം അപകടത്തെ തുടർന്നുണ്ടായതല്ലെന്ന് പോലീസ് അഭിപ്രായപ്പെട്ടു. കാലിൽ കാണപ്പെട്ട മുറിവുകളിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥീരികരിച്ചിട്ടുണ്ടെങ്കിലും മുറിവുണ്ടായതെങ്ങനെ എന്നത് കൂടുതൽ അന്വേഷണങ്ങൾക്കുശേഷമേ കണ്ടെത്താനാകൂ എന്നാണ് നിലപാട്.
ടിബിൻ മാത്രമുണ്ടായിരുന്ന വീട്ടിൽ രാത്രി നടന്ന സംഭവമായതിനാൽ കൊലപാതക സാധ്യതയെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
വീടിന്റെ വാതിൽ തുറന്നു കിടന്നിരുന്നതിനാൽ ടിബിൻ തനിച്ചായിരുന്നു എന്നുറപ്പിക്കാനും ആവില്ലെന്നാണ് ബന്ധുക്കളുടെ സംശയം. മുന്പ് രണ്ടു ബന്ധുക്കൾക്കും ഒരു സുഹൃത്തിനും ടിബിൻ ഫോണിന്റെ പാസ്വേർഡ് അയച്ചിരുന്നു.
തനിക്ക് ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ തന്റെ ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്നുമാണ് ടിബിൻ ഇവരോട് ആവശ്യപ്പെട്ടിരുന്നത്.
താൻ മദ്യപിക്കുന്നതിന്റെ കാരണവും ഫോണ് രേഖകളിൽനിന്നു ലഭിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇതിൽനിന്നും മകൻ മരണം മുൻകൂട്ടി കണ്ടിരുന്നതായി മാതാവ് തങ്കച്ചി ശശിധരൻ സംശയിക്കുന്നു.
മരണകാരണമായി പറയുന്ന ആഴമേറിയ മുറിവ് കാലിന്റെ പിന്നിലായി സ്വയം ഉണ്ടാക്കാൻ കഴിയില്ലെന്നും മാതാവ് പറയുന്നു. അപകടത്തിൽ മുറിവുണ്ടായതെങ്കിൽ സമീപത്തുള്ള സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടേണ്ടതാണ്.
ശരീരത്തിൽ കണ്ട മറ്റു അഞ്ചു മുറിവുകളും സംശയം ജനിപ്പിക്കുന്നു.കിടപ്പുമുറിയിൽ നിന്നും ഹാളിലൂടെ അടുക്കള വാതിൽവരെ രക്തം പതിഞ്ഞ കാൽപാദങ്ങളുടെ പാട് കണ്ടെത്തിയിരുന്നതും സംശയം വർധിപ്പിക്കുന്നു.
ദുരൂഹത മാറ്റാൻ വിശദമായ അന്വഷണം ആവശ്യപ്പെട്ട് മുഖ്യമന്തിക്കും ജില്ലാ പോലീസ് മേധാവിക്കും മാതാവ് പരാതി നൽകിയിട്ടുണ്ട്. അന്വേഷണ ചുമതല കമരകം എസ്ഐ എസ്. സുരേഷിനാണ്.