പത്തനംതിട്ട: കേരളത്തിൽ ആദ്യമായി കെഎസ്ആർടിസി കണ്ടക്ടറിലാത്ത ബസുകൾ ഇന്നു മുതൽ നിലയ്ക്കൽ – പന്പ ചെയിൻ സർവീസിനായി ഓടിക്കും. കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളും ഈ റൂട്ടിൽ സർവീസിൽ നടത്തും.
നിലയ്ക്കലിൽ നിന്നു പന്പയിലേക്കും തിരികെയുമുള്ള യാത്രയ്ക്ക് ഓണ്‍ലൈൻ വഴിയോ നിലയ്ക്കൽ സ്ഥാപിച്ചിട്ടുള്ള സെൽഫ് ടിക്കറ്റിംഗ് കിയോസ്ക് വഴിയോ ടിക്കറ്റെടുക്കാം. ശബരിമല ദർശനത്തിന് ഓണ്‍ലൈൻ ബുക്കിംഗ് നടത്തിയവർക്ക് കെഎസ്ആർടിസി യാത്രാടിക്കറ്റ് ഉൾപ്പെടെയാണ് ലഭിക്കുന്നത്.
നേരത്തെ ബുക്കിംഗ് നടത്താത്തവർക്കായാണ് 15 കിയോസ്ക്കുകൾ കെഎസ്ആർടിസി നിലയ്ക്കൽ ബസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കിയോസ്ക്കുകൾ മുഖേന ടിക്കറ്റെടുക്കാം. സെൽഫ് ടിക്കറ്റിംഗ് കിയോസ്ക്കുകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് നിലയ്ക്കലിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും.
പന്പയിലേക്ക് എസി ബസുകളിൽ 75 രൂപയും നോൺ എസി ബസുകളിൽ 40 രൂപയുമാണ് നിരക്ക്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് സഹിതം കിയോസ്ക്കുകളിൽ നിന്നു സ്വന്തമാക്കാം. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ നിലയ്ക്കൽ – പന്പ ചെയിൻസർവീസുകളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നിർവഹിക്കും.
രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും. ശബരിമല യാത്രയ്ക്ക് കെഎസ്ആർടിസി ബസുകളിൽ ഇന്നു മുതൽ സ്പെഷൽ നിരക്കാണ്. നിലവിലുണ്ടായിരുന്ന നിരക്കിൽ 30 ശതമാനത്തിന്റെ വർധന വരുത്തിയിട്ടുണ്ട്.