ചാത്തന്നൂർ :കെ എസ് ആർ ടി സി യിലെ കണ്ടക്ടർക്ക് 72 327 രൂപ പിഴയും മൂന്ന് മാസത്തേക്ക് വാർഷിക വേതന വർദ്ധനവ് തടഞ്ഞു കൊണ്ടും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്.
ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ രാകേഷ് കെ നായർക്കാണ് ശിക്ഷ ലഭിച്ചത്.കണ്ടക്ടറുടെ പക്കൽ നിന്നും മാനുവൽറാക്ക് നഷ്ടപ്പെട്ടതിനാണ് വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ചത്.
2018 ജനുവരി 19നാണ് സംഭവം. രാകേഷ് കെ നായർ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ള ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായിരുന്നു. ബസ് കൊല്ലത്തെത്തി പാർക്ക് ചെയ്യുമ്പോൾ 72,327 രൂപ വിലയുള്ള ടിക്കറ്റുകൾ അടങ്ങിയ മാനുവൽറാക്ക് നഷ്ടമായി.
വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കൊല്ലം ഡിപ്പോയിൽ റിപ്പോർട്ട് ചെയ്യുകയും കൊല്ലം പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കോർപറേഷൻ രാകേഷ് കെ നായരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കിളിമാനൂർ വിജിലൻസിന് അന്വേഷണം കൈമാറി.
മാനുവൽറാക്ക്, വേ ബിൽ എന്നിവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടർക്കാണെന്നും, ഗുരുതരമായ കൃത്യവിലോപവും നിലവിലുള്ള ഉത്തരവുകളുടെ ലംഘനവുമാണ് കണ്ടക്ടർ നടത്തിയതെന്ന് വിജിലൻസ് റിപ്പോർട്ട് നല്കി.
റാക്കിലുണ്ടായിരുന്ന ടിക്കറ്റിന്റെ മുഴുവൻ തുകയും രാകേഷ് കെ നായരിൽ നിന്നും ഈടാക്കാനും മൂന്ന് മാസത്തേക്ക് വാർഷിക വേതന വർദ്ധനവ് തടഞ്ഞുവയ്ക്കാനുമാണ് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. ബസിൽ ടിക്കറ്റ് നല്കിയത് ടിക്കറ്റ് മെഷീൻ ഉപയോഗിച്ചായിരുന്നു.
മെഷീൻ കേടാവുമ്പോൾ ഉപയോഗിക്കാനാണ് മാനുവൽ ടിക്കറ്റ് റാക്ക് കരുതുന്നത്. ഇത് അവഗണിച്ചു കൊണ്ടാണ് കണ്ടക്ടറെ ശിക്ഷിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.