ആലപ്പുഴ: ടിക്കറ്റ്…ടിക്കറ്റ്…. യാത്രക്കിടെ കണ്ടക്ടറുടെ ഈ ചോദ്യം നാം കേൾക്കാൻ തുടങ്ങിയിട്ട് കാലമൊരുപാടായി. യാത്ര അവസാനിക്കും വരെ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്ന ടിക്കറ്റെന്ന തുണ്ടുപേപ്പറിന് കാലം മാറ്റം വരുത്തി.
ടിക്കറ്റ് റാക്കിൽ നിന്നും ടിക്കറ്റ് ഫെയർ നോക്കി പേന കൊണ്ട് കുറിച്ചു ടിക്കറ്റ് നൽകിയിരുന്ന സ്ഥിതി മാറി ഇലക്ട്രോണിക് മെഷീനുകൾ വന്നതോടെ സെക്കന്റുകൾക്കുള്ളിൽ പ്രിന്റുചെയ്തു വരുന്ന ടിക്കറ്റുകൾ കണ്ടക്ടർമാർക്ക് ജോലി എളുപ്പമാക്കി. അതോടെ ടിക്കറ്റ് റാക്കുകളെ മറന്നു. എന്നാൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ പണി മുടക്കാൻ തുടങ്ങിയതോടെ ടിക്കറ്റ് റാക്കുകൾ തേടി കണ്ടക്ടർമാർ പരക്കം പായാൻ തുടങ്ങി.
കെഎസ്ആർടിസിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ നൽകിയ കന്പനിക്ക് തുക കുടിശികയായതിനെത്തുടർന്ന് ടിക്കറ്റ് യന്ത്രങ്ങൾ നിർത്തലാക്കാനുള് ആലോചനയിലാണ് കെഎസ്ആർടിസി. 6000 ത്തോളം ടിക്കറ്റ് മെഷീനുകളാണ് കെഎസ്ആര്ടിസി ഉപയോഗിക്കുന്നത്. എന്നാൽ പല ഡിപ്പോയിലും മെഷീനുകൾ തകരാറിലാകുന്നത് പതിവായതോടെയാണ് ടിക്കറ്റിനെ റാക്കിലേക്ക് തിരിച്ചു കൊണ്ടുവരാൻ കെഎസ്ആർടിസിയെ പ്രേരിപ്പിക്കുന്നത്.
ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും ടിക്കറ്റ് റാക്കുകൾ തേടി കണ്ടക്ടർമാർ നിരവധി എത്തുന്നുണ്ടെന്ന് കഴിഞ്ഞ 45 വർഷക്കാലമായി ടിക്കറ്റ് റാക്കുകൾ നിർമിച്ചു നൽകുന്ന ആലപ്പുഴ തത്തംപള്ളി സ്വദേശി ചന്ദ്രബോസ് പറയുന്നു. കേരളത്തിൽ റാക്കുകൾ വിൽപനയ്ക്കു വച്ചിരിക്കുന്ന ഏക വ്യക്തി ചന്ദ്രബോസ് ആണ്.
അതുകൊണ്ടുതന്നെ ടിക്കറ്റ് മെഷീൻ പണിമുടക്കിയാൽ കണ്ടക്ടർമാർ ഓടിയെത്തുന്നത് ചന്ദ്രബോസിന്റെ അടുക്കലേക്കാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാനന്തവാടി, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, മാവേലിക്കര തുടങ്ങിയ ഇടങ്ങളിൽ നിന്നായി അറുപതോളം റാക്കുകളാണ് കണ്ടക്ടർമാർ കൊണ്ടുപോയത്.
ഇലക്്ട്രോണിക് ടിക്കറ്റ് മെഷീനുകളിൽ നിന്നും റാക്കുകളിലേക്ക് എത്തുന്പോൾ തിരക്കേറിയ ബസുകളിൽ കണ്ടക്ടർമാർക്ക് ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നത്. ടിക്കറ്റ് എടുക്കുന്ന സമയം അടക്കം പുതിയ ടിക്കറ്റുകളിൽ ലഭിക്കുന്പോൾ പഴയ ടിക്കറ്റുകളിൽ ഫെയർ സ്റ്റേജുകൾ കുറിച്ചു നൽകണം. കുറഞ്ഞ തുകയ്ക്ക് സ്വകാര്യ വസുകൾ നല്ല ഇലക്ട്രോണിക് മെഷീനുകൾ സ്വന്തമാക്കി ഉപയോഗിക്കുന്പോൾ കഐസ്ആർടിസിയുടെ മെഷീനുകൾ തുടർച്ചയായി തകരാറിലാകുന്നതിനെതിരെ ആക്ഷേപമുയർന്നിട്ടുണ്ട്.