നവാസ് മേത്തർ
തലശേരി: “”അവൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും, എന്തെങ്കിലും ചെയ്യണം സർ” മലപ്പുറം പൊന്നാനിയിൽനിന്നും ആ ഫോൺകോൾ കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിനും കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനും ലഭിക്കുമ്പോഴേക്കും പാനൂർ വള്ള്യായിയിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണുപ്രിയയെ അക്രമി കഴുത്തറുത്തും ഹാമർ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു.
യുവാവിന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നതിനിടയിൽ കൊലയാളിയായ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ ജീവനെടുത്തശേഷം ബൈക്കിൽ വീട്ടിലേക്ക് തിരിച്ചിരുന്നു.
വിഷ്ണുപ്രിയയും ശ്യാംജിത്തും കഴിഞ്ഞ അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു. വിഷ്ണുപ്രിയയുടെ സഹോദരി വിസ്മയയുടെ സഹപാഠിയായിരുന്നു ശ്യാംജിത്ത്.
ഇവരുടെ പ്രണയത്തിനിടയിലേക്ക് അപ്രതീക്ഷിതമായാണ് പൊന്നാനി സ്വദേശിയായ ടിക്ക് ടോക്ക് കാരനായ യുവാവ് കടന്നുവരുന്നത്.
ഇതോടെ വിഷ്ണുപ്രിയയും ശ്യാംജിത്തും തമ്മിലുള്ള അകൽച്ച തുടങ്ങി. ഹാമറും കത്തിയും കയറും കൈയിൽ കരുതി വിഷ്ണുപ്രിയയുടെ വീട്ടിൽ ശ്യാംജിത്ത് എത്തുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു.
ഇതോടെ അക്രമാസക്തനായ പ്രതി യുവതിയെ ഹാമർ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുക്കുകയായിരുന്നു.
പിന്നെ രണ്ട് കാലും കൈയും വെട്ടി തലയിൽ അഞ്ചു തവണ മുറിവേൽപ്പിച്ചു. താനുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരുന്ന വിഷ്ണുപ്രിയയുടെ അടുത്തേക്ക് ശ്യംജിത്ത് കടന്നുവരുന്നതും പിന്നീട് ഫോൺ കട്ടാകുന്നതും പൊന്നാനി സ്വദേശിയായ യുവാവിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
അപകടം മണത്ത യുവാവ് ഉടൻതന്നെ പോലീസിന്റെ നമ്പർ സംഘടിപ്പിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഈ യുവാവ് നൽകിയ സൂചനകളാണ് ശ്യാംജിത്തിലേക്ക് മണിക്കൂറുകൾക്കുള്ളിൽ പോലീസ് എത്തിയത്.
ശ്യാംജിത്തിന്റെ ഫോൺനമ്പർ പൊന്നാനി സ്വദേശിയാണ് പോലീസിന് കൈമാറിയത്. ഈ നമ്പറിലെ ഡിപിയിൽനിന്ന് പ്രതിയുടെ ഫോട്ടോയും പോലീസിന് ലഭിച്ചു.
കൊലപാതകത്തിനുശേഷം ബൈക്കിൽ വീട്ടിലെത്തിയ പ്രതി കുളി കഴിഞ്ഞ് ഭക്ഷണവും കഴിച്ച് വിശ്രമിക്കുന്നതിനിടയിലാണ് പോലീസ് സ്ഥലത്തെത്തുന്നതും പിടികൂടുന്നതും.
ഇതിനുമുമ്പ് പൊന്നാനി സ്വദേശിയെ വകവരുത്താൻ പ്രതി ശ്രമിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ ദേഹത്ത് 18 മുറിവുകളാണുള്ളത്.