പ്രകൃതി ക്ഷോഭങ്ങളും ഗുരുതര അപകടങ്ങളും ഉണ്ടാകുന്പോൾ സർക്കാർ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകാറുണ്ട്. പക്ഷെ സർക്കാരിൽ നിന്നും ധനസഹായം ലഭിക്കാൻ പ്രായമായവരെ കടുവകൾക്ക് ഭക്ഷണമായി നൽകുന്ന ആചാരം ഇന്ത്യയിൽ. ഉത്തർപ്രദേശിലെ ലക്കിംഖേരി, ബഹ്റിച്ച് എന്നീ ജില്ലകളിൽ പരന്നു കിടക്കുന്ന പിലിഭിത്ത് കടുവാസങ്കേതത്തിലാണ് നാടിനെ നടക്കുന്ന രക്തസാക്ഷിത്വത്തിന്റെ ചുരുൾ അഴിയുന്നത്.
സംസ്ഥാനത്തെ വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോയാണ് ഞെട്ടിപ്പിക്കുന്ന ഈ രഹസ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഈ മാസം ഒന്നിന് 55 വയസുള്ള സ്ത്രീയുടെ മൃതദേഹം ഇവർ താമസിക്കുന്ന പ്രദേശത്തിനു സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. പക്ഷേ ഇവരുടെ വസ്ത്രങ്ങൾ കിട്ടിയതാകട്ടെ കടുവാസങ്കേതത്തിൽ നിന്നും ഒരു കിലോമീറ്റർ മാറിയായിരുന്നു. അതിൽ സംശയം തോന്നിയപ്പോൾ മുതലാണ് അന്വേഷണം ആരംഭിച്ചത്.
പിലിഭിത്ത് കടുവാസങ്കേതത്തിലെ കടുവകൾക്ക് അവരുടെ പരിധിക്കുള്ളിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇവിടെ മനുഷ്യൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്താൽ സർക്കാർ നഷ്ടപരിഹാരം നൽകില്ലെന്ന് നിയമവും ഉള്ളതാണ്, പക്ഷെ ഈ പരിധിക്കു പുറത്തുവച്ച് മനുഷ്യൻ ആക്രമിക്കപ്പെട്ടാൽ അവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകും.
ഈ വർഷം ഫെബ്രുവരി മുതൽ പ്രായമായ ഏഴുപേരാണ് ഇത്തരത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതാണ് അധികൃതരെ ചിന്തിപ്പിക്കാൻ കാരണമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സർക്കാരിൽ നിന്നും പണം ലഭിക്കുവാൻ കുടുംബത്തിലെ പ്രായമായവരെ കടുവകൾക്കു മുന്നിലേക്ക് ഇട്ടുകൊടുക്കുന്നുണ്ടെന്ന് തെളിയുകയായിരുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് പണം ലഭിക്കുവാൻ സ്വയം മരിക്കാനും ആളുകൾ തയാറാകുന്നുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന തെളിവുകൾ. കുടുംബങ്ങൾക്കു ജീവിക്കാൻ വനത്തിൽ നിന്നും ഒന്നും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ കുടുംബത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ ഇതാണ് മുൻപിലുള്ള ഒരേയൊരു മാർഗമെന്നാണ് ഇവിടെ താമസിക്കുന്ന അറുപതുകാരനായ ജർനെയ്ൽ സിംഗ് പറയുന്നത്.
തുടർനടപടികൾക്കായി നാഷണൽ ടൈഗർ കണ്സർവേഷൻ അതോറിറ്റിക്ക് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ കലിം അത്തർ പറയുന്നു.