പാറക്കവലയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ റേഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ കടുവയുടെ പിടിയില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത് ഇത് രണ്ടാംതവണ.
മാസങ്ങള്‍ക്ക് മുമ്പ് പള്ളിച്ചിറ ചാത്തമംഗലത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ കടുവ ശശികുമാറിനെയും ഡ്രൈവര്‍ മാനുവലിനെയും ആക്രമിച്ചിരുന്നു. അന്ന് ഹെല്‍മെറ്റാണ് ശശികുമാറിനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്.
വനത്തില്‍നിന്ന് ചാടിയെത്തിയ കടുവ ശശികുമാറിന്റെ ഹെല്‍മെറ്റിലാണ് കടിച്ചത്. കടുവയുടെ പല്ലുകള്‍ ഹെല്‍മെറ്റില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന മാനുവലിന്റെ കാലിലാണ് കടുവ കടിച്ച് പരിക്കേല്‍പ്പിച്ചത്.
മാനുവല്‍ നിലത്തുവീണു കിടന്നപ്പോള്‍ ശശികുമാറിനെ കടുവ വനത്തിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. പെട്ടെന്ന് മറ്റു വനപാലകരെത്തി വടിയെറിഞ്ഞും മറ്റും കടുവയെ ഓടിക്കുകയായിരുന്നു.
നാട്ടില്‍ കടുവയിറങ്ങിയാല്‍ ജീവഭയത്താല്‍ മറ്റ് ഉദ്യോഗസ്ഥര്‍ മാറി നില്ക്കുമ്പോള് ജനത്തിന്റെ ഭീതിയകറ്റി കടുവയെ തുരത്തുന്നതിനായി സധൈര്യം മുന്നിട്ടിറങ്ങുന്നതാണ് ശശികുമാറിന്റെ രീതിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
ഈ ചങ്കൂറ്റത്തിന്റെ ബലത്തിലാണ് ഞായറാഴ്ചയും ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനായി ശശികുമാര്‍ മുന്നിട്ടിറങ്ങിയത്. ശശികുമാറടക്കം മൂന്നു പേരാണ് മഠത്തിവിളയില്‍ മധുവിന്റെ തോട്ടത്തില്‍ പ്രവേശിച്ച് തിരച്ചില്‍ നടത്തിയത്.
ഡ്രൈവര്‍ മാനുവലും അല്പം അകലെയായി ശശികുമാറിനെ പിന്തുടരുന്നുണ്ടായിരുന്നു. ഈ സമയം അമ്പതു മീറ്ററകലെ ചെമ്പരത്തിച്ചെടിയുടെ മറവില്‍ പതുങ്ങിയിരിക്കുകയായിരുന്ന കടുവ വനപാലകരെ കണ്ടതോടെ അക്രമാസക്തനായി പാഞ്ഞടുക്കുകയായിരുന്നു.
കടുവ തന്റെ നേരേ ചാടിയടുക്കുന്നത് കണ്ട് ശശികുമാര്‍ തിരിഞ്ഞെങ്കിലും സമീപത്തെ കയ്യാലയില്‍ വീഴുകയായിരുന്നു. വീണുകിടന്ന ശശികുമാറിന്റെ കഴുത്തില്‍ കടിക്കാന്‍ കടുവ ശ്രമിച്ചെങ്കിലും നടന്നില്ല. തോളില്‍ കടിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു.
ഇതുകണ്ട് ഭയന്ന വനപാലകരും നാട്ടുകാരും ബഹളംവെച്ച് ഓടിയെത്തി കടുവയെ കല്ലും വടിയും എറിഞ്ഞ് ഓടിക്കുകയായിരുന്നു. ശശികുമാറിന്റെ തോളെല്ലിന് പൊട്ടലുണ്ട്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.