കാട്ടിൽ നിന്നും നാട്ടിലെത്തി മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളുടെ വാർത്തകളാണ് ഇപ്പോൾ കേരളത്തിലെ സംസാരവിഷയം. ഇതിൽ വന്യമൃഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരി തിരിഞ്ഞുള്ള തർക്കങ്ങളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്.
കാട്ടിൽ ജീവിക്കേണ്ട ഈ മൃഗങ്ങൾ എന്തിനാണ് നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ, കാട് കൈയേറി മൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർക്കാൻ മനുഷ്യൻ ശ്രമിക്കുന്നതിനാലാണ് ഇത്തരം അക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് എതിർ വിഭാഗവും വാദിക്കുന്നു.
എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വിഷയം കത്തി നിൽക്കുന്ന സമയത്താണ് ഒരു കടുവയുടെ വീഡിയോ വൈറലാകുന്നത്. ഇത് ഇവിടെ പറയേണ്ട ആവശ്യം എന്തെന്നാൽ, കാട്ടിലെ ഒരു അരുവിയിൽ വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ കടുവ എടുത്ത് മാറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. കാട് കൈയേറി മാലിന്യങ്ങൾ വനത്തിൽ ഉപേക്ഷിക്കുന്ന മനുഷ്യന്റെ പ്രവൃത്തിയെ ആണ് വീഡിയോ സൂചിപ്പിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ deepkathikar എന്ന ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മഹാരാഷ്ട്രയിലെ രാംദേഗി ഹിൽസിലെ ഭാനുസ്കിന്ദിയില് നിന്നും പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു അത്, വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. ‘കടുവയുടെ മധുരമായ പ്രവര്‍ത്തി. നമ്മുടെ കാടുകള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ ശ്രമിക്കും.’
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൊണ്ട് സംഭവിക്കുന്ന പ്രശ്നങ്ങൾ വിവരവും വിദ്യാഭ്യാസവുമുള്ള മനുഷ്യന് അറിയാവുന്നതാണ്. എന്നാൽ ചില സമയങ്ങളിൽ മനുഷ്യനെക്കാളും വകതിരിവോടെയാണ് മൃഗങ്ങൾ പെരുമാറുന്നതെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായെത്തിയത്. ‘അപരിഷ്കൃതരുടെ മാലിന്യം കടുവ എന്തിന് വൃത്തിയാക്കണം,ഒരു കടുവ വൃത്തിയാക്കേണ്ടി വന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു, അത് വളരെ ഹൃദ്യമായ ഒരു ഫൂട്ടേജാണ്…. നമ്മുടെ ഗ്രഹത്തിന് നമ്മളുണ്ടാക്കുന്ന നാശത്തിന്റെ വ്യാപ്തി കാണുമ്പോൾ വളരെ സങ്കടമുണ്ട്’. എന്നിങ്ങനെ പോകുന്നൂ വീഡിയോയിലെ കമന്റുകൾ.