ജലപാനം പോലും ഉപേക്ഷിച്ച് പലരും ഉപവാസം അനുഷ്ഠിക്കാറുണ്ട്. എന്നാൽ മൃഗങ്ങൾ ഉപവാസം എടുക്കുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇത് കേട്ടോളൂ… നേപ്പാളിലെ സെൻട്രൽ മൃഗശാലയിലെ കടുവകളാണ് ഇത്തരം ജീവിതരീതി പിന്തുടരുന്നത്.
ഇവിടുത്തെ കടുവകൾ ആഴ്ചയിൽ ആറ് ദിവസവും മതിയായ ഭക്ഷണം കഴിക്കും. ശേഷിക്കുന്ന ഒരു ദിവസം പട്ടിണിയും കിടക്കും. മാംസഭോജികളായ മൃഗങ്ങൾക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് ഒരു ദിവസം ഭക്ഷണം കൊടുക്കാതിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിൽ കടുവകൾ യാതൊരു മടിയും കാട്ടാറില്ലന്ന് മൃഗശാലയുടെ ഇൻഫർമേഷൻ ഓഫീസർ ഗണേഷ് കൊയ്രാള പറഞ്ഞു.
കടുവകൾക്ക് ഉപവാസത്തിനായി നിയോഗിച്ചിട്ടുള്ള ദിവസം ശനിയാഴ്ചയാണ്. ഭക്ഷണം കഴിക്കാത്തതു മൂലം യാതൊരു തരത്തിലുമുള്ള ആക്രമണ സ്വഭാവമോ, ചേഷ്ഠകളോ ഒന്നും തന്നെ കടുവകൾ കാട്ടാറില്ല. വിദഗ്ധർ പറയുന്നത് പ്രകാരം, കടുവകൾക്ക് വണ്ണം വച്ചാൽ അവയ്ക്ക് ആരോഗ്യപരമായി പല പ്രശ്നങ്ങളും ഉണ്ടാവാൻ തുടങ്ങും. അമിതമായി കൊഴുപ്പ് അടിഞ്ഞാൽ അവ കടുവയുടെ വയറിനടിയിൽ ഒരു പാളി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ഓടുമ്പോൾ അവ തളർന്നു പോകാൻ കാരണമാവുകയും ചെയ്യും.