സുൽത്താൻ ബത്തേരി: വനത്തിൽ വിറകിനുപോയ ആദിവാസി വൃദ്ധനെ കടുവ കൊന്നുതിന്നു. വയനാട് വന്യജീവി സങ്കേതം പരിധിയിലെ വടക്കനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജടയെയാണ്(60)കടുവ കൊന്നുതിന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജട കോളനിക്കു സമീപം വനത്തിൽ വിറകുശേഖരിക്കാൻ പോയത്.
തിരിച്ചെത്താത്തതിനെത്തുടർന്നു കോളനിക്കാർ ഇന്നലെ രാവിലെ വനത്തിൽ നടത്തിയ തെരച്ചലിലാണ് കടുവ ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വനത്തിലേക്കു കടിച്ചുവലിച്ചു കൊണ്ടുപോയ നിലയിലായിരുന്നു ജഡം. കടുവയുടെ ആക്രമണത്തിലാണ് ജട കൊല്ലപ്പെട്ടതെന്നു വനപാലകർ സ്ഥിരീകരിച്ചു. ബത്തേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം താലൂക്ക് ഗവ.ആശുപത്രിയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
പച്ചാടി ഭാഗത്തു വനം ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജടയുടെ കുടുംബത്തിനു 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നു പട്ടികവർഗ മോർച്ച സംസ്ഥാന അധ്യക്ഷൻ മോഹൻദാസ് ആവശ്യപ്പെട്ടു.