കേണിച്ചിറ: സൗത്ത് വയനാട് വനം ഡിവിഷൻ പരധിയിലെ അതിരാറ്റുകുന്നിൽ കടുവ ഇറങ്ങി. ഗുരുമന്ദിരം ഭാഗത്തെ തോട്ടത്തിൽനിന്നും കടുവ റോഡ് മുറിച്ചുകടക്കുന്നത് ഇന്നലെ പുലർച്ചെ പാൽ അളവുകേന്ദ്രത്തിലേക്കു പോകുകയായിരുന്ന കർഷകർ കണ്ടു.
ഇവർ ഒച്ചയിട്ടതിനെത്തുടർന്നു കടുവ മറ്റൊരു തോട്ടത്തിലേക്കു കുതിച്ചു. വിവരമറിഞ്ഞ് ഇരുളം, പുൽപ്പള്ളി,ഫോറസ്റ്റ് സെക്ഷൻ ഓഫീസുകളിൽനിന്ന് എത്തിയ വനപാലകർ പ്രദേശവാസികളുടെ സഹകരണത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
അതിരാറ്റ്കുന്നിൽ കാടുമൂടിയ സ്വകാര്യഭൂമിയുണ്ട്. ഇവിടെ തെരഞ്ഞപ്പോൾ കാട്ടുപന്നികളെയാണ് കാണാനായത്. കടുവ മാരമല ഭാഗത്തേക്കു നീങ്ങിയെന്ന സംശയത്തിലാണ് വനപാലകർ. കടുവ ഇറങ്ങിയതു നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.