വീരാജ്പേട്ട: മുത്തച്ഛന്റെ കൺമുന്നിൽ എട്ടുവയസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കുടക് ജില്ലയിലെ ബെല്ലാരു ഗ്രാമത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. സി.കെ.സുബ്ബയ്യ എന്നയാളുടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ മുത്തച്ഛൻ കെഞ്ചയ്ക്കൊപ്പം എത്തിയ രാമസ്വാമിയാണു മരിച്ചത്.
കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കെഞ്ചയെ(55) മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്ന സ്ഥലത്തിനു തൊട്ടടുത്ത് കടുവയെ പിടികൂടാനായി തെരച്ചിൽ നടത്തിയിരുന്ന വനപാലകസംഘം വിവരമറിഞ്ഞ് ബെല്ലാരുവിലെത്തി കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കുകയും പരിക്കേറ്റ കെഞ്ചയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ചു പൊന്നമ്പോട്ട്-കുട്ട റോഡ് നാട്ടുകാർ ഉപരോധിച്ചു. കടുവകളെ കണ്ടാലുടൻ വെടിവച്ചു കൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ 14 ദിവസത്തിനിടെ നാലാമത്തെയാളാണ് കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നിരവധി വളർത്തുമൃഗങ്ങളെയും കടുവ വകവരുത്തി.
നാഗർഹൊള കടുവാസങ്കേതത്തിൽനിന്നു ജനവാസകേന്ദ്രത്തിലെത്തിയ കടുവയാണ് ജനത്തിനു ഭീഷണിയായി മാറിയിരിക്കുന്നത്.
കഴിഞ്ഞ മാസം 20ന് ജില്ലയിലെ ടി.ഷെട്ടിഗേരി ഗ്രാമത്തിൽ അറുപതുകാരനായ എസ്റ്റേറ്റ് തൊഴിലാളി ചെന്നിയും കുംതൂരു ഗ്രാമത്തിൽ 14 വയസുകാരനായ അയ്യപ്പയും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഇതിന്റെ തൊട്ടടുത്ത ദിവസം താവൽഗേരി ഗ്രാമത്തിലുണ്ടായ കടുവ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം, നരഭോജിക്കടുവയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പത്തുവയസുള്ള ഈ കടുവയെ എത്രയും വേഗം പിടികൂടുമെന്നും ഫോറസ്റ്റ് കൺസർവേറ്റർ ടി.ഹിരാലാൽ പറഞ്ഞു.