കോട്ടയം: കാട്ടാനയും പുലിയും കാട്ടുപോത്തും ഇറങ്ങിയതിനു പിന്നാലെ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കടുവയുടെ സാന്നിധ്യവും.
മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കടുവ പശുവിനെ കൊന്നുതിന്നുകയും അത് വനംവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ കുട്ടിക്കാനത്തിനും പീരുമേടിനും സമീപം കഴിഞ്ഞ ദിവസവും കടുവയുടെ സാന്നിധ്യമുണ്ടായി.
പീരുമേട് ജനവാസമേഖലയില്‍ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യമുണ്ട്.കെകെ റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കുമളി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസിന് മുന്‍പിലേക്ക് കടുവ ചാടി.
അന്നുതന്നെ രാവിലെ ആറിന് പ്രഭാത സവാരിക്കിറങ്ങിയവര്‍ തോട്ടാപ്പുരയിലും കടുവയെ കണ്ടിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് പ്ലാക്കത്തടത്ത് കടുവാ സാന്നിധ്യം ഉണ്ടായിരുന്നതായും വളര്‍ത്തുനായയെ പിടിച്ചതായും പരാതിയുണ്ടായിരുന്നു. കിഴക്കന്‍ മേഖലയില്‍ ആനശല്യം രൂക്ഷമായതിനു പിന്നാലെയാണ് കടുവയുടെ ഭീഷണി.
വനത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൃഷിയിടങ്ങളിലിറങ്ങാന്‍ ഭയപ്പെടുന്നു.വനപാലകര്‍ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്പാട് കാണാനായില്ല. അതേസമയം കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമേഖലയില്‍ കടുവയുള്ളതായി വനപാലകര്‍ സ്ഥിരീകരിക്കുന്നു.