ഗൂഡല്ലൂർ: നീലഗിരിയിലെ ഗൂഡല്ലൂർ മേഖലയിൽ ഭീതിപരത്തുന്ന നരഭോജി കടുവ കാണാമറയത്ത് തന്നെ. കടുവയെ ഇനിയും പിടികൂടാനായിട്ടില്ല.
ഇന്നലെ രാവിലെ ശിങ്കാര മേഖലയിൽ കടുവയെ കണ്ടെത്തിയിരുന്നു. എന്നാൽ മയക്ക് വെടിവെക്കാൻ സാധിച്ചിട്ടില്ല. ഈ മേഖലയിൽ നാല് കടുവകളെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് നരഭോജി കടുവയെ തിരിച്ചറിയാൻ വനംവകുപ്പ് അടയാളം വെച്ചിരിക്കുകയാണ്. ടി-23 എന്ന പേരിലാണ് ഈ കടുവ അറിയപ്പെടുന്നത്.
നാല് പേരുടെ ജീവൻ അപഹരിച്ച കടുവ ഇപ്പോഴും വനമേഖലയിൽ ചുറ്റുകയാണ്. 30ൽപ്പരം വളർത്തു ജീവികളെയും കടുവ കൊന്നു തിന്നു.
മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ മുതുകുളി മേഖലയിൽ ഭീതിപരത്തിയ കടുവ ദേവൻ എസ്റ്റേറ്റിലേക്ക് കടന്നു. അവിടെ നിന്ന് മേഫീൽഡിലേക്കും തുടർന്ന് മസിനഗുഡിയിലേക്കും കടന്നു.
200 വനംവകുപ്പ് ജീവനക്കാർ, കേരളത്തിൽ നിന്ന് എത്തിയ പ്രത്യേക പരിശീലനം ലഭിച്ച 11 അംഗ വനപാലക സംഘം,
ശ്രീനിവാസൻ, ഉദയൻ എന്നി താപ്പാനകൾ, റാണ, അഥവാ എന്നി നായകൾ എന്നിവർ പതിനൊന്ന് ദിവസമായി കടുവയെ മയക്ക് വെടിവെച്ച് പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ്.
ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരായ ശേഖർ കുമാർ നീരജ്, വെങ്കിടേഷ് എന്നിവരുടെ മേൽ നോട്ടത്തിലാണ് കടുവയെ തിരയുന്നത്.
വനപാലകരുടെ കണ്ണുവെട്ടിച്ച് കടുവ സഞ്ചരിക്കുകയാണ്. ഡ്രോണ് ക്യാമറ വഴിയും നിരീക്ഷണം നടത്തുന്നുണ്ട്. ആനപ്പുറത്തേറി കടുവയെ നിരീക്ഷിക്കുന്നുണ്ട്.
വനംവകുപ്പിന്റെ പിടിയിൽപ്പെടാതെ അടുത്ത ഇരയെ തേടി നടക്കുകയാണ് കടുവ. ഇടക്കിടെ പെയ്യുന്ന മഴ തെരച്ചിലിന് തടസമാകുന്നുണ്ട്.
കന്നുകാലികളെ വനമേഖലയിൽ തീറ്റാൻ പറ്റാത്തത് കാരണം കന്നുകാലികൾക്ക് ആഹാരം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
ബൊക്കാപുരം, മായാർ, ശിങ്കാര മേഖലകളിലെ ക്ഷീര കർഷകർ ഇത്കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
മസിനഗുഡി മേഖലയിലെ ജനങ്ങളുടെ പ്രധാന ജോലി തന്നെ കന്നുകാലികളെ വളർത്തലാണ്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ ഉത്തരവിട്ടിരുന്നുവെങ്കിലും സ്വകാര്യ വ്യക്തി കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കടുവയെ ജീവനോടെ പിടികൂടാനാണ് വനംവകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.