എട്ടു മാസം പ്രായമേയുള്ളു. പക്ഷേ, കയ്യിലിരുപ്പു കൊണ്ട് വൈറൽ താരമാണ്. സൈബീരിയയിലെ ബർണോർ മൃഗശാലയിലെ വീറ്റസ് എന്ന കടുവക്കുട്ടിയാണ് ആൾ.
വികൃതിക്കാരനൊന്നുമല്ല കേട്ടോ.കിളികളുടെ ശബ്ദത്തിൽ വളരെ ഭംഗിയായി പാട്ടുപാടും ഇതാണ് വീറ്റസിന്റെ ഹോബി.
പിന്നെ ഈ മിമിക്രിക്കാരന് ആരാധരുണ്ടായില്ലങ്കിലല്ലെ അത്ഭുതമുള്ളു. സ്വന്തം ശബ്ദമൊക്കെ മാറ്റി കിളികളുടെ ശബ്ദത്തിലങ്ങനെ പാട്ടുപാടി ആസ്വദിച്ചിരിക്കുന്ന വീറ്റസിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായിക്കഴിഞ്ഞു.
ഈ പാട്ടിനു പിന്നിലൊരു കാര്യമുണ്ട്. അമ്മക്കടുവ ബഗീരയുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനുള്ള വിദ്യയാണ് ഈ പാട്ടുപാടൽ.
അമ്മക്കടുവ മറ്റു മക്കൾക്കൊപ്പം ഇടപഴകുന്ന സമയത്ത് വീറ്റസ് ഏതെങ്കിലും മൂലയിലേക്ക് മാറിയിരുന്ന് മിമിക്രി തുടങ്ങും.
ബഗീര മറ്റു മക്കളുടെ അടുത്തുനിന്ന് മാറി അരികിലേക്കെത്തുന്നതുവരെ ഇത് തുടരും. ജനിച്ച് അധിക നാൾ കഴിയുന്നതിനു മുന്പ് കടുവക്കുട്ടിയുടെ ഈ കഴിവ് ശ്രദ്ധയിൽപ്പെട്ടിരുന്നതായി മൃഗശാല അധികൃതരും പറയുന്നു.
ഈ സവിശേഷതകൊണ്ടാണ് വ്യത്യസ്ത ശബ്ദങ്ങളിൽ പാടുന്ന റഷ്യൻ ഗായകനായ വീറ്റസിന്റെ പേര് കടുവക്കുട്ടിക്ക് നൽകിയത്.
കടുവ വർഗത്തിലെ ഏറ്റവും വലിപ്പമുള്ള ഇനത്തിൽപ്പെട്ട അമുർ വിഭാഗത്തിലുള്ളതാണ് വീറ്റസ്. അമുർ കടുവകൾ വംശനാശ ഭീഷണി നേരിടുന്ന ഇനം കൂടിയാണ്.
കിഴക്കൻ റഷ്യയിലെ വനാന്തരങ്ങളിൽ അറുനൂറോളം അമുർ കടുവകൾ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് കണക്കുകൾ.