തൃശൂർ: വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവിന് 8 സെന്റിമീറ്ററോളം ആഴമുണ്ടെന്ന് വിലയിരുത്തൽ. വ്യാഴാഴ്ച കടുവയുടെ ശസ്ത്രക്രിയ നടത്തും. തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് കടുവ ഇപ്പോഴുള്ളത്. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മാരകമായ മുറിവുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
13 വയസാണ് കടുവയ്ക്ക്. 40 മുതൽ 60 ദിവസം വരെ കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ക്വാറന്റൈനിൽ നിർത്തും. നിലവിൽ നിരീക്ഷണ കേന്ദ്രത്തിലുള്ള കടുവക്ക് ആറ് കിലോ ബീഫടക്കം ഭക്ഷണം നൽകും.
പരിക്കിനെ തുടർന്ന് കടുവയ്ക്ക് ശാരീരിക അവശതയും വേദനയും ഉണ്ടെന്ന് വെറ്റിനറി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മുറിവിൽ നിന്ന് ചോര ഒലിക്കുന്നതും അണുബാധ പിടിപെട്ടിട്ടുണ്ടോയെന്ന സംശയവുമാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള തീരുമാനത്തിന് പിന്നിൽ.
വ്യാഴാഴ്ച കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇതിനായി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകി. വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക.
വെറ്റിനറി സർവകലാശാല ഡോകടർ ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രത്യേകസംഘം കടുവയ്ക്ക് ചികിത്സ ലഭ്യമാക്കും. മുറിവ് പരിശോധിച്ച ശേഷം തുന്നിക്കെട്ടി അണുബാധ ഏൽക്കാത്ത തരത്തിൽ പരിചരണം നൽകാനാണ് തീരുമാനം.