പുതിയ സാമ്രാജ്യം കണ്ടെത്താൻ വന്യജീവികൾ ദീർഘദൂരം സഞ്ചാരിക്കാറുണ്ട്. എന്നാൽ, അതിനായി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരം യാത്ര നടത്തിയെന്ന റിക്കാർഡ് ഒരു യുവ കടുവയ്ക്കാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സൂപ്പർ തെർമൽ പവർ സ്റ്റേഷൻ പരിധിയിൽനിന്ന് മധ്യപ്രദേശിലെ ബെതുൽ ജില്ലയിലേക്ക് 350 കിലോമീറ്റർ ദൂരമാണ് ഈ ആണ്‍കടുവ സഞ്ചരിച്ചത്.
കടുവ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ധർ നല്കുന്ന റിപ്പോർട്ട്. നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് കടുവയുടെ പ്രയാണം. തിരക്കേറിയ അമരാവതി-നാഗ്പുർ നാഷണൽ ഹൈവേ കുറുകെ കടന്ന്, കൃഷിസ്ഥലങ്ങളിലൂടെ സഞ്ചരിച്ച്, ഗ്രാമീണ പാതകൾ പിന്നിട്ട് കനാലുകൾ നീന്തിക്കടന്നാണ് കടുവ മധ്യപ്രദേശിലെ ബെതുൽ ജില്ലയിലെത്തിയത്.
ഈ യാത്രയ്ക്കിടെ ഭക്ഷണത്തിനായി നിരവധി വളർത്തുമൃഗങ്ങളെ വേട്ടയാടിയ കടുവ രണ്ടു മനുഷ്യരെ കൊല്ലുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണ് കടുവയുടെ പിന്നാലെയുണ്ട്. ചന്ദ്രപുർ സൂപ്പർ തെർമൽ പവർ സ്റ്റേഷനു സമീപമുള്ള വനത്തിൽ ജനിച്ച നാലു കടുവക്കുഞ്ഞുങ്ങളിൽ ഒന്നാണിത്. ഓഗസ്റ്റ് 15-20 കാലയളവിൽ പുതിയ സങ്കേതം തേടി പുറപ്പെട്ട കടുവ 70 ദിവസത്തിനുള്ളിലാണ് 350 കിലോമീറ്റർ ദൂരം പിന്നിട്ടത്. യാത്ര ഇപ്പോഴും തുടരുന്നു.
2011ൽ കർണാടകയിലെ ഒരു കടുവ പുതിയ സങ്കേതത്തിനായി 280 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരുന്നു. 15 മാസംകൊണ്ടായിരുന്നു ആ യാത്ര. രണ്ടു ഗ്രാമീണരെ വകവരുത്തിയതിനാൽ കടുവയെ വെടിവച്ചു പിടിക്കാൻ മധ്യപ്രദേശ് വനംവകുപ്പ് മേധാവി ഉത്തരവിട്ടിരുന്നു. മധ്യപ്രദേശിൽത്തന്നെ നിൽക്കാൻ കടുവ തീരുമാനിച്ചാൽ ഈ മാസം 30 വരെ കാലാവധിയുള്ള ഉത്തരവ് റദ്ദായേക്കും. മുന്‍പ് വനംവകുപ്പ് പിടിക്കാൻ ശ്രമിച്ചെങ്കിലും ഗ്രാമീണർ ശബ്ദമുണ്ടാക്കിയതിനാൽ ശ്രമം പാഴായെന്നാണ് വനംവകുപ്പ് പറയുന്നത്.