ബീജിംഗ്: ഔഷധഗുണമുണ്ടെന്ന വിശ്വാസത്താൽ ഇന്ത്യയിൽ ഗോമൂത്രം ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ, ചൈനക്കാർ കടുവാമൂത്രത്തിലാണ് ഔഷധഗുണം കാണുന്നത്.
സൈബീരിയൻ കടുവയുടെ മൂത്രം പേശീവേദനയ്ക്കും വാതത്തിനും ശമനൗഷധമായി ചൈനാക്കാർ ഉപയോഗിക്കുന്നു. സിചുവാൻ പ്രവിശ്യയിലെ യാൻ ബിഫെംഗ്സിയ മൃഗശാലയിൽ സൈബീരിയൻ കടുവാമൂത്രം വിൽക്കുന്നുമുണ്ട്. 250 ഗ്രാം കടുവാമൂത്രത്തിന് വില 600 രൂപ!
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഉളുക്ക്, പേശീവേദന തുടങ്ങിയവ സുഖപ്പെടാൻ കടുവാമൂത്രം ബെസ്റ്റ് ആണെന്നു മൂത്രചികിത്സ നടത്തിയ ചൈനാക്കാർ സാക്ഷ്യം പറയുന്നു.
ഇന്ത്യയിൽ ഗോമൂത്രം കുടിക്കുകയാണു ചെയ്യുന്നതെങ്കിൽ ചൈനാക്കാർ കടുവാമൂത്രം ഉള്ളിൽ കഴിക്കില്ല. വൈറ്റ് വൈനിൽ കടുവാമൂത്രം കലർത്തിയശേഷം ഇഞ്ചിക്കഷണത്തിൽ മുക്കി വേദനയുള്ള ഭാഗത്തു പുരട്ടും. അതോടെ രോഗാവസ്ഥ പന്പകടക്കുമത്രെ!