സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ഭീതിപടർത്തിയ നരഭോജിക്കടുവയെ പിടികൂടിയതിനു പിന്നാലെ വാകേരി സിസിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. ഇന്നു പുലർച്ചെയാണ് സംഭവം. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്റെ ജഡമാണ് രാവിലെ കണ്ടെത്തിയത്. കടുവ പശുക്കിടാവിന്റെ ശരീരം പാകുതിയിൽ കൂടുതലും ഭക്ഷിച്ചു. കഴിഞ്ഞദിവസം കടുവയെ പിടികൂടിയ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണം.
സുൽത്താൻ ബത്തേരിയിലും കടുവയുടെ ആക്രമണമുണ്ടായി. വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ കടിച്ചുകൊന്നു. വാകേരിക്കടുത്ത് കല്ലൂര്‍കുന്നിൽ ബുധനാഴ്ചയും കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു.
വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടിച്ചുകൊന്ന കടുവയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്.