വയനാട്: ആക്രമകാരിയായ നരഭോജി കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. കടുവയെ വെടിവച്ചുകൊല്ലാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.
വനം വകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ് പ്രായമുള്ള ഡബ്ലു ഡബ്ലു 45 എന്ന ഇനത്തിൽപെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിലുള്ള ഈ കടുവയെ കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു.
നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. കടുവ നിരീക്ഷണത്തിലാണ്. 25 ക്യാമറകളും രണ്ട് കൂടും ഇതിനായി ഒരുക്കിയിട്ടുണ്ട്.
പൂതാടി മൂടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷ് (36) എന്ന ക്ഷീരകർഷകൻ സ്വകാര്യഭൂമിയിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്.