കരുവാരകുണ്ട്: വനം വകുപ്പു വച്ച കൂട് നോക്കുകുത്തിയായി. കടുവ നാട്ടിൽ തന്നെ വിലസുകയാണെന്നു കരുവാരകുണ്ട് നിവാസികൾ.
കരുവാരകുണ്ടിനടുത്ത കുണ്ടോടയിൽ നാട്ടുകാർ കടുവയെ നേരിട്ടു കണ്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ പിടികൂടാൻ വനം വകുപ്പ് ഒരുക്കിയ സംവിധാനങ്ങൾക്കായിട്ടില്ല.
കടുവയെ പേടിച്ചു വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഈ പ്രദേശത്തുകാർ.
കടുവയെ പിടികൂടാൻ സാധിക്കാത്തതിനു പിന്നിൽ വനം വകുപ്പധികൃതരുടെ നിസംഗതയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരാഴ്ച മുന്പു കടുവ കാട്ടുപന്നിയെ കൊന്നു തിന്നതോടെയാണ് നാട്ടുകാർ ഭീതിയിലായത്.
മൂന്നു ദിവസത്തിനു ശേഷം വനപാലകർ കെണി സ്ഥാപിച്ചു. എന്നാൽ കെണിയിൽ ഇതുവരെ കടുവ കുടുങ്ങിയിട്ടില്ല.കെണി സ്ഥാപിച്ചതോടെ കടുവ അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്കു നീങ്ങിയിരിക്കാമെന്നാണ് അനുമാനിക്കുന്നത്.
കഴിഞ്ഞ മാസം 31 നാണ് കടുവ കാട്ടുപന്നിയെ വേട്ടയാടുന്നത് തൊഴിലാളികൾ നേരിട്ടു കണ്ടത്.
വിവരം വനം വകുപ്പധികൃതരെ അറിയിച്ചെങ്കിലും സംഭവസ്ഥലം സന്ദർശിച്ച് അവർ മടങ്ങി പോവുകയായിരുന്നു.
തുടർന്ന് വനപാലകർ സ്ഥാപിച്ച കാമറയിയിൽ കടുവയുടെ ചിത്രം കണ്ടതോടെയാണ് കെണി സ്ഥാപിക്കാൻ അവർ തയാറായതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
വേഗത്തിൽ കെണി സ്ഥാപിച്ചിരുന്നെങ്കിൽ കടുവ കുടുങ്ങുമായിരുന്നെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ സ്ഥാപിച്ച കെണി കടുവയെ കുടുക്കാൻ ശേഷിയുള്ളതല്ലെന്നും വിമർശനങ്ങളുണ്ട്.
കുണ്ടോട റോസ് മൗണ്ട് എസ്റ്റേറ്റിൽ വാഴ കൃഷി നടത്തുന്ന മഞ്ചേരി സ്വദേശി മണി കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കടുവയുടെ കുട്ടിയെ നേരിട്ടു കണ്ടതായി കുണ്ടോട എസ്റ്റേറ്റ് സൂപ്രണ്ട് ജെയിംസ് കാരിവേലി പറഞ്ഞു.
കടുവ ജനവാസ കേന്ദ്രത്തിൽ നിന്നു നീങ്ങി സൈലന്റ് വാലി വനമേഖലയിലേക്കു കയറി പോയിരിക്കാമെന്നാണു വനം വകുപ്പിലെ കരുവാരകുണ്ട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ രാംദാസ് പറയുന്നത്.
പ്രദേശത്ത് കടുവയുടെ കുട്ടിയെ കണ്ടെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറയുന്നു.
കരുവാരകുണ്ട് മേഖലയിൽ അധികൃതർ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
കാട്ടാനയിറങ്ങി കൃഷിയിടം നശിപ്പിക്കൽ മലയോര മേഖലയിൽ പതിവാണ്. നിരവധി കൃഷിയിടങ്ങൾ വന്യമൃഗശല്യം കാരണം നശിച്ചു പോയിട്ടുണ്ട്.
റബർ, തെങ്ങ്, കമുങ്ങ്, കൊക്കോ, ജാതി, വാഴ, കപ്പ തുടങ്ങി വിവിധയിനം വിളകളാണ് ഏക്കർ കണക്കിനു നശിച്ചിട്ടുള്ളത്. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാട്ടാനകൾക്ക് പുറമെ കാട്ടുപന്നികൾ, മയിലുകൾ, കുരങ്ങൻമാർ തുടങ്ങിയവയും വിളനാശം വരുത്താറുണ്ട്. കൃഷിയിടത്തിൽ കൂട്ടത്തോടെയെത്തുന്ന കുരങ്ങൻമാരും പന്നികളും നിമിഷനേരം കൊണ്ടു വൻതോതിൽ കൃഷി നശിപ്പിക്കും.
മയിലുകൾ പകൽ സമയത്താണ് കൃഷിയിടത്തിലെത്തുന്നത്. കുരങ്ങുകൾ വീടുകൾക്കകത്തുവരെയെത്തി വീട്ടുസാധനങ്ങൾ പോലും നശിപ്പിക്കാറുണ്ട്.
കാട്ടാനകൾ ബൈക്കും കാറും തകർത്ത സംഭവവും കരുവാരകുണ്ടിൽ ഉണ്ടായിട്ടുണ്ട്. മുന്പു തരിശ് കുണ്ടോടയിൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്നയിടത്തെത്തിയ കാട്ടുപോത്ത് യുവാവിന്റെ ജീവനപഹരിച്ചിരുന്നു.
കുണ്ടോടയിൽ വളർത്തുപോത്തുകളെയും അൽഫോൻസ് ഗിരി,കൽക്കുണ്ട്, എടത്തനാട്ടുകര എന്നിവിടങ്ങളിൽ ആടുകളെയും ആർത്തലക്കുന്ന് കോളനി, കരിങ്കത്തോണി തുടങ്ങിയ സ്ഥലങ്ങളിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായകളെയും അടുത്തയിടെ പുലി കൊന്നു തിന്നിരുന്നു. മുള്ളറയിൽ മാത്രം അഞ്ച് ആടുകളെയാണ് കടുവ വകവരുത്തിയത്.