മാനന്തവാടി: കുറുക്കൻമൂലയിലേത് കർണാടകയിൽ നിന്നെത്തിയ കടുവയാകാമെന്ന് സൂചന.
പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച കാമറകളിൽ ഒന്നിൽ പതിഞ്ഞ ചിത്രത്തിലെ കടുവയുടെ കഴുത്തിൽ കാണപ്പെട്ട വലിയ മുറിവാണ് കർണാടകയിൽ നിന്നെത്തിയതാകാമെന്ന നിഗമനങ്ങൾക്ക് പ്രധാന കാരണം.
ചെറിയ വന്യമൃഗങ്ങളെ പിടികൂടുന്നതിന് വനാതിർത്തികളിൽ അനധികൃതമായി പ്രദേശവാസികൾ ഒരുക്കുന്ന കെണിയിൽ അകപ്പെട്ടാണ് കടുവയ്ക്ക് കഴുത്തിൽ സാരമായി പരിക്കേറ്റതെന്ന് വനം വകുപ്പിന് വ്യക്തമായിട്ടുണ്ട്.
കഴുത്തിൽ കുടുക്കുമായി കണ്ടെത്തിയ കടുവയെ കർണാടക വനം വകുപ്പ് ജീവനക്കാർ പിടികൂടി കുടുക്ക് അഴിച്ചു മാറ്റിയ വിട്ടതാകാമെന്നാണ് കരുതുന്നത്.
പരിക്കേറ്റതിനാൽ തന്നെ വനത്തിനുള്ളിൽ ഇരകളെ വേട്ടയാടി പിടിക്കാൻ കഴിയാത്തതിനാലാണ് ജനവാസ മേഖലയിലെത്തി വളർത്തുമൃഗങ്ങളെ പിടികൂടുന്നതെന്നും പറയപ്പെടുന്നുണ്ട്.
ഇതിനൊന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും സ്ഥലം സന്ദർശിച്ച നോർത്തേണ്‍ റീജിയൻ സിസിഎഫ് ഡി.കെ. വിനോദ് കുമാർ കടുവ വയനാട് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ലെന്നും കർണാടകയിൽ നിന്നാണോ എന്നന്വേഷിക്കുമെന്നും പരിക്കേറ്റ കടുവയുടെ ചിത്രങ്ങൾ ദേശീയ കടുവ അഥോറിറ്റിക്ക് അയച്ചുനൽകുമെന്നും പറഞ്ഞിരുന്നു.