മുംബൈ: ഛത്രപജി ശിവജി ആയുധമായി ഉപയോഗിച്ചിരുന്ന “കടുവനഖം’ 350 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചെത്തുന്നു. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഈ ചരിത്രശേഷിപ്പ് മൂന്ന് വർഷത്തെ പ്രദർശനത്തിനായിട്ടാണ് ഇന്ത്യയിലേക്കു കൊണ്ടുവരുന്നത്.
മറാഠാ രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവായിരുന്ന ശിവജി 1659ലെ പ്രതാപ്ഗഡ് യുദ്ധത്തിൽ ബിജാപുർ സുൽത്താനേറ്റിന്റെ ജനറൽ അഫ്സൽ ഖാനെ വധിക്കാൻ ഉപയോഗിച്ചത് ഈ കടുവനഖമായിരുന്നു.
ശിവജിയുടെ കിരീടധാരണത്തിന്റെ 350ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ അപൂര്വായുധം ഇന്ത്യയിലെത്തിക്കുന്നത്. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാകും ഇതിന്റെ പ്രദര്ശനമെന്നു മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു.
മറാഠാ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ യുദ്ധമായി 1659ലെ പ്രതാപ്ഗഡ് യുദ്ധത്തെ വിലയിരുത്തുന്നു. യുദ്ധത്തില്‍ മറാഠാ സൈന്യം, ബിജാപുർ സൈന്യത്തെക്കാള്‍ വളരെ ചെറുതായിരുന്നു. എന്നാല്‍, ശിവജിയുടെ സൈനിക തന്ത്രങ്ങളാൽ വിജയം മറാഠകള്ക്കൊപ്പമായി.
സത്താറ ജില്ലയിലുള്ള പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് അഫ്സൽ ഖാനെ ശിവജി വധിച്ചതെന്നാണു ചരിത്രം. പിന്നീട് ഈ സംഭവം നിരവധി നാടോടിക്കഥകളിലൂടെ മറാഠാ ഭൂമിയില്‍ പ്രചരിച്ചു. എന്നാൽ ഈ ആയുധം ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത് എങ്ങനെയെന്നതിന് ആധികാരിക തെളിവുകൾ ലഭ്യമല്ല. മൂന്നാം ആംഗ്ലോ-മറാഠ യുദ്ധത്തില്‍ പരാജയപ്പെട്ട മറാഠകളുടെ അവസാന പേഷ്വ ആയിരുന്ന ബാജി റാവു രണ്ടാമന് 1818 ജൂണില്‍ ബ്രിട്ടീഷുകാര്‍ക്ക് വാഗ് നാഖ് അടിയറ വച്ചെന്നാണ് നിഗമനം.