കൽപ്പറ്റ: മാസങ്ങളോളം ഗ്രാമീണരുടെ സ്വൈരംകെടുത്തിയ രണ്ടു കടുവകളെ കർണാടക വനപാലകകർ കൂട്ടിലാക്കി.ബന്ദിപ്പുര കടുവാസങ്കേതത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ വിഹരിച്ചിരുന്നതാണ് കൂട്ടിലായ കടുവകളിൽ ഒന്ന്. തെക്കൻ കുടകിലെ ശ്രീമംഗളയിൽനിന്നാണ് മറ്റൊന്നിനെ പിടികൂടിയത്.
ഒരു മാസത്തിനിടെ 17 പശുക്കളെയും നിരവധി ആടുകളെയും കൊന്നു ഗ്രാമീണരുടെ ഉറക്കംകെടുത്തിയ നാലു വയസുളള കടുവയെയാണ് ബന്ദിപ്പുര വനാതിർത്തിയിലെ കുണ്ടക്കെരയിൽ പിടിച്ചത്. മൂന്നു മാസത്തിനിടെ 75 കന്നുകാലികളുടെ കഥകഴിച്ച കടുവയാണ് ശ്രീമംഗളയിൽ കുടുങ്ങിയത്.
ജീവനും സ്വത്തും അപകടത്തിലായ ഗ്രാമീണർ മുറവിളികൂട്ടിയപ്പോഴാണ് വില്ലൻ കടുവകളെ അഴിക്കുള്ളിലാക്കാൻ വനം-വന്യജീവി വകുപ്പ് തീരുമാനിച്ചത്.
അഞ്ചു വളർത്താനകളെ ഉപയോഗപ്പെടുത്തി രണ്ടു ദിവസത്തോളം പരിശ്രമിച്ചാണ് ചൊവ്വാഴ്ച കുണ്ടക്കെരയിൽ കടുവയെ നിറയൊഴിച്ചുമയക്കി വലയിലാക്കിയത്.
കടുവ പതുങ്ങിയ സ്വകാര്യതോട്ടം വനപാലകർ ആനപ്പുറത്തേറി വളഞ്ഞാണ് കടുവയിൽ മയക്കുവെടി പ്രയോഗിച്ചത്. കാലിലുണ്ടായ മുറിവുമൂലം വനത്തിൽ ഇരതേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ കടുവ. ഇതിനെ ചികിത്സ നൽകി സുഖപ്പെടുത്തി വനത്തിൽ വിടാനാണ് വനം വകുപ്പിന്റെ പദ്ധതി.
ശ്രീമംഗളയിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയെ മയക്കുവെടിവച്ചു പിടിച്ചത്. ഇതിനെ മൈസൂരു മൃഗശാലയ്ക്കു കീഴിലുള്ള കൂരഗള്ളി പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റി.