കൽപ്പറ്റ: വയനാടൻ കാടുകളുമായി അതിരുപങ്കിടുന്ന കർണാടകിലെ നാഗരഹോള, ബന്ദിപ്പുര വനങ്ങൾ കടുവ പൊലിമയിൽ. രാജ്യത്ത് കടുവ സാന്ദ്രതയിൽ ഒന്നാം സ്ഥാനത്തുള്ള ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവ സങ്കേതത്തിനു തൊട്ടുപിന്നിലാണ് നാഗരഹോള ദേശീയ ഉദ്യാനം. ബന്ദിപ്പുര കടുവ സങ്കേതമാണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ദേശീയ കടുവ സെൻസസ് റിപ്പോർട്ടിലാണ് ഈ വിവരം. രാജ്യത്തെ 50 കടുവ സങ്കേതങ്ങളിലും മറ്റു വന മേഖലകളിലുമാണ് സെൻസസ് നടന്നത്. 100 ചതുരശ്ര കിലോമീറ്ററിൽ 14 ആണ് ജിം കോർബെറ്റ് കടുവ സങ്കേതത്തിൽ കടുവ സാന്ദ്രത. ഇതു നാഗർഹോളയിൽ 11.82-ഉം ബന്ദിപ്പുരയിൽ 7.7-ഉം ആണ്.
520.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ജിം കോർബെറ്റ് കടുവ സങ്കേതത്തിൽ ഒരു വയസിലധികം പ്രായമുള്ള 231 കടുവകളാണ് ഉള്ളത്.
200 ചതുരശ്ര കിലോമീറ്റർ ബഫർ സോണ്‍ അടക്കം 843 ചതുരശ്ര കിലോമീറ്ററാണ് നാഗർഹോള കടുവ സങ്കേതത്തിന്റെ വിസ്തൃതി. സെൻസസ് റിപ്പോർട്ട് അനുസരിച്ചു 127 കടുവകളാണ് ഇവിടെ. ബഫർ സോണ്‍ അടക്കം 1,020 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ബന്ദിപ്പുര വനത്തിൽ 126 കടുവകളാണുള്ളത്.
2018ലെ സെൻസസിനെ അധികരിച്ചു പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2,967 കടുവകളുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തു 13 രാജ്യങ്ങളിലായി 3,900 കടുവകളുണ്ടെന്നാണ് കണക്ക്.
ഇന്ത്യയിൽ മധ്യപ്രദേശിലാണ് കുടുതൽ കടുവകൾ-526.കർണാടകയിൽ 524-ഉം ഉത്തരാഖണ്ഡിൽ 442-ഉം മധ്യപ്രദേശിൽ 312-ഉം ആണ് കടുവകളുടെ എണ്ണം.
തമിഴ്നാട്-264,അസം-190,കേരളം-190, ഉത്തർപ്രദേശ്-173 എന്നിവയാണ് രാജ്യത്തു 150ൽ അധികം കടുവകളുള്ള മറ്റു സംസ്ഥാനങ്ങൾ. ബിഹാർ-31,ആന്ധ്രപ്രദേശ്-48,തെലങ്കാന-26, ഛത്തീസ്ഗഢ്-19,ജാർഖണ്ഡ്-അഞ്ച് എന്നിങ്ങനെയാണ് രാജ്യത്തിലെ ഇതര സംസ്ഥാനങ്ങളിൽ കടുവകളുടെ എണ്ണം. മഹാരാഷ്ട്രയിലെ പെൻചിനെയും കേരളത്തിലെ പെരിയാറിനെയുമാണ് ഇന്ത്യയിലെ മികച്ച കടുവ സങ്കേതങ്ങളായി കണക്കാക്കുന്നത്.
2006ലെ സെൻസസ് അനുസരിച്ചു 1,411 കടുവകളാണ് രാജ്യത്ത്. 2014ൽ ഇതു 2,226 ആയിരുന്നു. 2014നെ അപേക്ഷിച്ചു 2018ൽ 741(33 ശതമാനം)കടുവകളുടെ വർധവാണ് ഉണ്ടായത്.
വെസ്റ്റ് ബംഗാളിലെ ബക്സ,ജാർഖണ്ഡിലെ പലമാവ്, മിസോറാമിലെ ദംപ സങ്കേതങ്ങളിൽ സെൻസസിൽ ഒരു കടുവയെ പോലും കാണാനായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഗോവയിൽ 2014ൽ അഞ്ച് കടുവകൾ ഉണ്ടായിരുന്നത് 2018ൽ മൂന്നായി കുറഞ്ഞു.
പറന്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങൾ. കേരളത്തിൽ ഉള്ളതായി പറയുന്ന 190 കടുവകളിൽ 80 എണ്ണം കടുവ സങ്കേതമല്ലാത്ത വയനാടൻ വനത്തിലാണ്. 2014ലെ സെൻസസിൽ കേരളത്തിൽ 136 കടുവകളെയാണ് കാണാനായത്.
ആവാസവ്യവസ്ഥയുടെ മെച്ചപ്പെട്ട പരിപാലനവും വേട്ട ഫലപ്രദമായി തടയാനായതും ആദിവാസകളടക്കം ഗ്രാമീണരിൽ നടത്തിയ ബോധവത്കരണവുമാണ് രാജ്യത്തു കടുവകളുടെ എണ്ണം വർധിക്കുന്നതിനു സാഹചര്യം ഒരുക്കിയതെന്നു വനപാലകർ പറയുന്നു.