ഒളിവേട്ടക്കാരൊരുക്കിയ കെണിയിൽ വീണാണ് സാഹെബ്രാവോ എന്ന കടുവയ്ക്ക് അവന്റെ ഇടതു മുൻകാൽപാദം നഷ്ടപ്പെട്ടത്. 2012ൽ നാഗ്പൂരിലെ ചന്ദ്രപൂർ ജില്ലയിലെ ഗോണ്ട്മൊഹാഡി ഗ്രാമത്തിലാണ് സംഭവം. ആദ്യം ചെറിയ മുറിവാണുണ്ടായിരുന്നതെങ്കിലും പിന്നീടു മുറിവു പഴുത്തതോടെ ആ ഭാഗം ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ഇതേത്തുടർന്ന് നാഗ്പൂരിലെ ഗോരെവാഡ മൃഗശാലയിലെ വൈൽഡ്ലൈഫ് റെസ്ക്യൂ സെന്ററിലാണ് സാഹെബ്രാവോയുടെ താമസം.
2016ൽ നാഗ്പൂരിൽ നിന്നുള്ള ഓർത്തോപീഡിക് സർജനായ ഡോ. സുശ്രുത് ബാബുൽക്കർ സാഹെബ്രാവോയെ ദത്തെടുത്തിരുന്നു. അന്നുമുതൽ സാഹെബ്രാവോയ്ക്ക് കൃത്രിമക്കാൽ വയ്ക്കുന്നതിന്റെ സാങ്കേതിക- ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഡോ. സുശ്രുത്. വിദേശരാജ്യങ്ങളിലേക്കും നീണ്ട ആ അന്വേഷണം എത്തിനിന്നത് യുകെയിലെ ലീഡ്സ് സർവകലാശാലയിലാണ്. നാലാഴ്ചയ്ക്കുള്ളിൽ സാഹെബ്രാവോക്ക് അവന്റെ പുതിയ കാലുകിട്ടും. നാഗ്പൂരിൽ തന്നെയാണ് കൃത്രിമക്കാൽ നിർമിക്കുന്നത്. സാഹെബ്രാവോ പഴയതുപോലെ നടക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഡോ. സുശ്രുത് പറയുന്നു.
യുകെയിൽ നിന്നുള്ള സർജനും അസ്ഥി പുനരുജ്ജീവന വിദഗ്ധനുമായ പ്രഫ. ഗിന്നോഡിസാണ് ഇന്ത്യയിലെ ഡോക്ടർമാർക്ക് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതും ചികിത്സയിൽ മേൽനോട്ടം വഹിക്കുന്നതും. അവസാനഘട്ട ശസ്ത്രക്രിയയ്ക്ക് താൻ നേരിട്ടെത്തുമെന്നും ദി ടെലിഗ്രാഫിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2014ലെ സ്ഥിതിയിൽ നിന്ന് 30 ശതമാനം വർധനയാണ് ഇപ്പോൾ കടുവകളുടെ എണ്ണത്തിലുള്ളത് എന്നു കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്പോഴും ഇത്തരത്തിലുള്ള കെണികളും അനധികൃത വേട്ടയുമെല്ലാം കടുവകളുടെ ജീവന് ഭീഷണിയാകുന്നു.
അഞ്ജലി അനിൽകുമാർ