കൊട്ടിയൂർ: കൊട്ടിയൂർ പന്നിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവ ചത്തു. മയക്കുവെടിവച്ച് പിടികൂടിയശേഷം കൂട്ടിലാക്കി തൃശൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് എത്തിയപ്പോഴാണ് കടുവ ചത്തത്.
ഏഴു വയസ് പ്രായമുള്ള ആൺ കടുവയാണിത്. വയനാട് പൂക്കോടുള്ള വെറ്ററിനറി കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
കടുവ ചത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു. ഇന്നലെ രാത്രി ഒൻപതോടെയാണ് കടുവയെ കൊട്ടിയൂരിൽനിന്നു തൃശൂരിലേക്ക് കൊണ്ടുപോയത്.
കൊട്ടിയൂർ പന്നിയാംമലയിൽ ഇന്നലെ പുലർച്ചെയാണ് കന്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വച്ച് കണ്ടപുനത്തുള്ള വനം വകുപ്പ് ഓഫീസിലെത്തിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ കടുവയക്ക് കാര്യമായ പരിക്കില്ലെന്ന കണ്ടെത്തിയ സാഹചര്യത്തിൽ കടുവയെ സമീപത്ത വനത്തിൽ വിടാനായിരുന്നു തീരുമാനം.
ഇതിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ കടുവയുടെ പല്ല് നഷ്ടപ്പെട്ടതായി കണ്ടെത്തി.
പല്ല് നഷ്ടപ്പെട്ട കടുവയ്ക്ക് വേട്ടയാടി ഇരതേടാൻ കഴിയില്ലെന്ന കണ്ടെത്തിയതോടെയാണ് തൃശൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്.