കേളകം: അടയ്ക്കാത്തോട്ടിൽ ജനവാസ കേന്ദ്രത്തിൽ ആഴ്ചകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ കടുവയെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ചത്തു. കണ്ണവം ഫോറസ്റ്റ് ഓഫീസിൽ നിരീക്ഷണത്തിലിരിക്കേ രാത്രിയാണ് കടുവ ചത്തത്. ഇന്നലെ ഉച്ചയോടെ കരിയംകാപ്പിലെ റബർതോട്ടത്തിൽ കണ്ടെത്തിയ കടുവയെ വനപാലകസംഘം വളഞ്ഞ് മയക്കുവെടിവച്ച് കൂട്ടിലടയ്ക്കുകയായിരുന്നു.
കരിയംകാപ്പിൽ പൊട്ടനാനി സണ്ണിയുടെ കൃഷിയിടത്തിനു സമീപം തോട്ടിൽനിന്നാണ് കടുവയെ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. തുടർന്ന് കൂട്ടിലാക്കിയ കടുവയെ കണ്ണത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് എത്തിച്ചു. വെറ്ററിനറി ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധസംഘം കടുവയെ പരിശോധിച്ച ശേഷം നെയ്യാർ ടൈഗർ റിസർവിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
എന്നാൽ തുടയിലും നെഞ്ചിലുമുണ്ടായിരുന്ന പരിക്കുകളുടെ ഗുരുതരാവസ്ഥമൂലം കടുവ നിരീക്ഷത്തിനിടെ ചാകുകയായിരുന്നു. കടുവയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.മൃഗസംരക്ഷണ വകുപ്പിലെ ഡോ. അരുൺ സത്യൻ, ഡോ. ആർ. രാജ് തുടങ്ങിയവരടങ്ങിയ സംഘമാണ് കടുവയെ മയക്കുവെടി വച്ചത്.
ശരീരത്തിലേറ്റ പരിക്കുകൾ കൊണ്ടാകാം കാട്ടുവിട്ട് ജനവാസ മേഖലയിലേക്ക് കടുവയിറങ്ങിയതെന്ന് സംശയിക്കുന്നുവെന്ന് കണ്ണൂർ ഡിഎഫ്ഒ. വൈശാഖ് ശശിധരൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുവയെ മയക്കുവെടി വച്ച് പിടികൂടുന്നതിനായി വനപാലകസംഘം തെരച്ചിലിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് കടുവയെ കരിയംകാപ്പ് പ്രദേശത്ത് കണ്ടെത്തുന്നത്.
ചിറക്കുഴി ബാബുവിന്റെ കൃഷിയിടത്തിലാണ് ആദ്യം കടുവയെ കണ്ടെത്തിയത് ഇവിടെ കടുവയെ വളഞ്ഞ വനപാലകസംഘം മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും വനപാലക സംഘത്തിനു നേരേ തിരിഞ്ഞ് കടുവ രക്ഷപ്പെട്ട് താഴോട്ട് ഓടുകയായിരുന്നു.തുടർന്ന് പൊട്ടനാനി സണ്ണിയുടെ കൃഷിയിടത്തിന് സമീപത്തെ തോട്ടിൽ എത്തിയ കടുവയെ വനംവകുപ്പ് സംഘം വളഞ്ഞ് 3.30ഓടെ വെടിവയ്ക്കുകയായിരുന്നു.
വലയിലാക്കിയ ശേഷം എടുത്തുകൊണ്ടുവന്ന് കൂട്ടിൽ കയറ്റി മയക്കംവിട്ട് ഉണരാനുള്ള ഇഞ്ചക്ഷൻ നൽകി കണ്ണവം ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.ഒരു മാസത്തിനിടെ മേഖലയിൽനിന്നും പിടികൂടുന്ന രണ്ടാമത്തെ കടുവയാണിത്. ഇതിന് മുന്പ് കൊട്ടിയൂരിൽ കന്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവയെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചത്തിരുന്നു.