കണമല: കഴിഞ്ഞയിടെ കടുവയുടെ സാന്നിധ്യം കണ്ട് ടാപ്പിംഗ് തൊഴിലാളി ഓടി രക്ഷപ്പെട്ട പമ്പാവാലി, തുലാപ്പള്ളി പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന നിലയിൽ കടുവ ഭക്ഷിച്ച മ്ലാവിന്റെ ജഡാവശിഷ്ടം കണ്ടെത്തി.
സംഭവത്തിൽ സ്ഥലത്തെത്തി പരിശോധനയും തെളിവെടുപ്പും നടത്തിയതിനൊപ്പം നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ.
കടുവയെ പിടികൂടി ഭീതി അകറ്റണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. കർഷകനായ വട്ടപ്പാറ കുളങ്ങര ജോർജുകുട്ടിയുടെ പുരയിടത്തിലാണ് മ്ലാവിന്റെ ജഡം കാണപ്പെട്ടത്. ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം നാളുകളായി ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് വയറക്കുന്നേൽ പൊന്നച്ചൻ എന്ന കർഷകൻ കടുവയുടെ മുന്നിൽപ്പെട്ടത്. കടുവ കേഴയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നതുകൊണ്ടു മാത്രമാണ് തനിക്ക് രക്ഷപ്പെടാനായതെന്ന് പൊന്നച്ചൻ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി നിരവധി വളർത്തുമൃഗങ്ങളെയും കടുവ കൊണ്ടുപോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തു നിൽക്കാതെ എത്രയും വേഗം പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.