റാന്നി: മലയോരത്തെ കടുവ ഭീതി ഒഴിവാക്കാൻ വനമേഖലകളിലാകെ വ്യാപകമായ തെരച്ചിൽ തുടങ്ങി. വനപാലകരുടെ നേതൃത്വത്തിലാണ്് പരിശോധന.
റാന്നി എസിഎഫ് കെ.വി. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടന്നത്. റാന്നി ഡിവിഷനിലെ വടശേരിക്കര പേഴുംപാറ, മണിയാർ, പ്ലെയിൻപാറ വനമേഖലകളിൽ പരിശോധന നടന്നു.
രാവിലെ മുതൽ ഉച്ചവരെ പരിശോധന തുടർന്നു. കുങ്കി ആനയുടെയും മയക്കുവെടി വിദഗ്ധരുടെയും ദ്രുതകർമസേനാംഗങ്ങളുടെയും സഹകരണത്തിലായിരുന്നു പരിശോധന.
45 അംഗ സംഘം പരിശോധനയ്ക്കുണ്ടായിരുന്നു.വടശേരിക്കര മേഖലയിൽ ഇതുവരെ കടുവയെ കണ്ടു എന്നു പറയുന്നിടങ്ങളിലാണ് തെരച്ചിൽ നടത്തിയത്. ഇന്ന് കാടടച്ച് പരിശോധന നടത്തും.
വനംവകുപ്പിൽ നിന്നുള്ള കൂടുതൽ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുക്കും.കടുവയെ ഇന്നലെ പുറത്തേക്കു കണ്ടതായി വിവരമില്ല. കഴിഞ്ഞ ഏഴിനു പകൽ തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ബിനീഷ് മാത്യുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ പിന്നീടുള്ള രണ്ടുദിവസം തണ്ണിത്തോട് ഭാഗങ്ങളിൽ വീണ്ടും എത്തിയിരുന്നു. പിന്നീട് മണിയാർ, പേഴുംപാറ ഭാഗങ്ങളിൽ കടുവ എത്തിയെന്നാണ് വിവരം.
കടുവയെ കണ്ടാൽ മയക്കുവെടി വയ്ക്കാനുള്ള നിർദേശമാണ് വനംവകുപ്പിനുള്ളത്.പേഴുംപാറയിൽ വെള്ളിയാഴ്ച കണ്ടെത്തിയെങ്കിലും ആരെയും ആക്രമിക്കാത്തതിനാൽ കൊല്ലുകയെന്ന കടുത്ത തീരുമാനത്തിലേക്ക് വനംവകുപ്പ് കടന്നിട്ടില്ല.
ഒന്നിലേറെ പേരെ കൊന്നു തിന്നാൽ മാത്രമേ നരഭോജി എന്നു പ്രഖ്യാപിക്കാനാകൂവെന്നാണ് നിയമം. അങ്ങനെ പ്രഖ്യാപിച്ചാൽ മാത്രമെ വെടിവച്ചു കൊല്ലാൻ കഴിയുകയുമുള്ളൂ. ഇതാകട്ടെ വൈൽഡ് ലൈഫ് ചീഫ് വാർഡന്റെ ഉത്തരവു വേണം.
ഇങ്ങനയൊരു ഉത്തരവ് ലഭിക്കുന്നതിലെ നിയമക്കുരുക്ക് കാരണം മയക്കുവെടിവയ്ക്കുകയെന്ന ദൗത്യമാണ് ഇപ്പോൾ വനംവകുപ്പിനുള്ളത്. പോലീസിലെ ഷാർപ്പ് ഷൂട്ടർമാരെത്തിയെങ്കിലും വനംവകുപ്പിന്റെ നിർദേശപ്രകാരമേ ഇവർക്കും നടപടി സ്വീകരിക്കാനാകൂ. വനംവകുപ്പിന്റെ കാമറയിൽ കുടുങ്ങാതെ ഒളിച്ചു നടക്കുന്നതിനാൽ കടുവ ഏതെന്ന് തിരിച്ചറിയാനും വനംവകുപ്പിനായിട്ടില്ല.
ഡ്രോണ് കാമറയിൽ ലഭിച്ച ചിത്രം വ്യക്തമായതുമില്ല.. ഏറെ ഭീതിയോടെയാണ് വടശേരിക്കര, പേഴുംപാറ, മണിയാർ, തണ്ണിത്തോട്, മേടപ്പാറ പ്രദേശത്തുള്ളവർ ഒരാഴ്ചയിലേറെയായി കഴിയുന്നത്.
കുങ്കിയാന പിണങ്ങി
റാന്നി: കടുവയെ പിടികൂടാനെത്തിച്ച കുഞ്ചുവെന്ന കുങ്കിയാന പിണങ്ങി. ആനപ്പുറത്തു നിന്ന് വീണ് പാപ്പാന് പരിക്ക്. നട്ടെല്ലിന് ചെന്നൈ സ്വദേശി മുരുകനാണ് (36) നട്ടെല്ലിനു പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് കടുവയെ തേടിയുള്ള യാത്രയ്ക്കിടെ വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിന് പരിസരത്തുവച്ചാണ് സംഭവം.
കടുവയെ കണ്ട ഭാഗത്തേക്ക് ആനയെ കൊണ്ടുപോകാനായി ആനയുടെ മുകളിൽ കയറിയതാണ് പാപ്പാൻ. പിണങ്ങിനിന്ന ആന ഉടൻ തന്നെ ഇയാളെ കുടഞ്ഞ് താഴെയിടുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ മുരുകനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.