ഓട്ടോസ്പോട്ട് /അജിത് ടോം
അടുത്ത കാലത്ത് ടാറ്റയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ നല്കിയ മോഡലായിരുന്നു തിയാഗോ. മാന്വലിൽ തുടങ്ങി എഎംടിയിലേക്കു കുതിച്ച തിയാഗോ ഉയർന്ന വില്‍പനനേട്ടവും ടാറ്റയ്ക്കു നേടിക്കൊടുത്തു. അതുകൊണ്ടുതന്നെയായിരിക്കാം തിയാഗോയുടെ സാദൃശ്യത്തിലും രൂപത്തിലും ഒരു സെഡാൻ എന്ന ആശയത്തിലേക്ക് ടാറ്റ നീങ്ങിയത്. ഹാച്ച്ബാക്ക് മോഡലുകളുടെ വിലയുമായെത്തിയ ടാറ്റയുടെ പുതിയ സെഡാനാണ് ടിഗോർ. സെഡാൻ കാറുകൾ സ്വപ്നം കാണുന്ന സാധാരണക്കാരെ ലക്ഷ്യമാക്കി ഇറക്കിയിരിക്കുന്ന ടിഗോറിന്റെ അടിസ്ഥാനവില അഞ്ചു ലക്ഷം രൂപയിൽ താഴെയാണ്.
പുറംമോടി: വിലയിൽ മാത്രമേ കുറവ് വരുത്തിയിട്ടുള്ളൂ. എന്നാൽ, സ്റ്റൈലിലും സൗകര്യത്തിലും യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ടിഗോറിന്റെ പിറവി. മുൻവശവും സൈഡുകളും തിയാഗോയെപ്പോലെയാണ്. പിയാനോ ബ്ലാക്ക് ഫൈബർ ഗ്രില്ലിനു ചേരുന്ന തരത്തിൽ ഹെഡ്ലൈറ്റിനു ബ്ലാക്ക് ഷേഡ് നല്‍കിയിട്ടുണ്ട് എന്നുള്ളതാണ് മുൻഭാഗത്ത് തിയാഗോയെക്കാൾ അധികമായി കാണുന്നത്.
ഹാച്ച്ബാക്കിൽനിന്നു സെഡാനിലേക്ക് വളർന്നതിന്റെ ചില മാറ്റങ്ങൾ വശങ്ങൾക്കുണ്ട്. ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകൾ, ഡുവൽ ടോണ്‍ റിയർവ്യൂ മിറർ എന്നിവയ്ക്കു പുറമെ പെട്രോൾ മോഡലിലുള്ള 15 ഇഞ്ച് അലോയ് വീലാണ് ഏറ്റവും പുതുമ സമ്മാനിക്കുന്നത്. എന്നാൽ, ഡീസൽ മോഡലിലേക്കു വരുന്പോൾ വീൽ 14 ഇഞ്ചിലേക്കു ചുരുങ്ങുന്നു.
പിൻഭാഗത്തുനിന്നാണ് മാറ്റങ്ങളുടെ തുടക്കം. വളരെ ഒതുങ്ങിയ ടെയിൽ ലാന്പാണ് നല്‍കിയിട്ടുള്ളത്. എന്നാൽ, ഇതിൽ എൽഇഡി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധയാകർഷിക്കുന്നു. ടെയിൽ ലാന്പുകളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ക്രോം സ്ട്രിപ്പും ആകർഷകമാണ്. ബ്രേക്ക് ലൈറ്റുള്ള ബാക്ക് സ്പോയിലറിന്റെ കറുപ്പു നിറവും ബംപറിനു താഴെയുള്ള റിഫ്ലക്ഷൻ ലൈറ്റുകളും വാഹനത്തിന് സ്പോർട്ടി ഭാവം നല്കുന്നു.
ഉൾവശം: ടിയാഗോയുടേതിനു സമാനമായ ഉൾവശമാണ് ടിഗോറിലുമുള്ളത്. ഡുവൽ ടോണ്‍ ഡാഷ്ബോർഡിന്റെ വശങ്ങളിൽ ബോഡികളർ ഇൻസേർട്ടുകളും ആകർഷകമാണ്. കൂടാതെ, റിവേഴ്സ് കാമറ സ്ക്രീൻ ഉൾപ്പെടുത്തിയ അഞ്ച് ഇഞ്ച് സ്ക്രീനും അതിനു താഴെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റുമുണ്ട്. തണുപ്പിക്കാവുന്ന ഗ്ലോ ബോക്സ് ഉൾപ്പെടെ നിരവധി സ്റ്റോറേജ് സ്പേസുകൾ ഈ വാഹനത്തിനുണ്ട്.
ജിപിഎസ്, കണക്ട് നെക്സ്റ്റ് ആപ് എന്നീ സൗകര്യങ്ങളോടൊപ്പം യുഎസ്ബി, ഓക്സിലറി എന്നിവയും സിസ്റ്റത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ നാല് സ്പീക്കറും നാലും ട്യൂട്ടറുമുൾപ്പെടുന്നതാണ് ടോപ്പ് എൻഡ് മോഡലിലെ മ്യൂസിക് സിസ്റ്റം. സ്റ്റീയറിംഗ് വീൽ, മീറ്റർ കണ്‍സോൾ എന്നിവ തിയാഗോയിലേതിനു സമം.
ഫാബ്രിക് ഫിനീഷിംഗിലുള്ള വലിയ സീറ്റുകളാണെങ്കിലും വാഹനത്തിൽ ആവശ്യത്തിനു ലെഗ് സ്പേസുണ്ട്. ഹാച്ച്ബാക്കിൽനിന്നു സെഡാനിലേക്ക് വളർന്നതിനാൽ തന്നെ 420 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസും ടിഗോർ നല്കുന്നു.
സുരക്ഷ: ടോപ്പ് എൻഡ് മോഡലുകൾക്ക് എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനത്തിനൊപ്പം ഡുവൽ എയർബാഗും, ബോഡി സ്റ്റെബിലിറ്റി കണ്ട്രോളുമാണ് സുരക്ഷയൊരുക്കുന്നു.
എൻജിൻ: 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.05 ലിറ്റർ ഡീസൽ എൻജിനിലുമാണ് ടിഗോർ പുറത്തിറക്കുന്നത്. പെട്രോൾ എൻജിൻ 1199സിസിയിൽ 85 പിഎസ് പവറും 114 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്പോൾ ഡീസൽ എൻജിൻ 1047 സിസിയിൽ 70 പിഎസ് പവറും 140 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
മൈലേജ്: പെട്രോൾ മോഡലിന് 20.3 കിലോമീറ്റർ. ഡീസൽ മോഡലിന് 24.7 കിലോമീറ്റർ.
വേരിയന്റുകൾ: എക്സ്ഇ, എക്സ്ടി, എക്സ്ഇസഡ്, എക്സ്ഇസഡ് ഓപ്ഷണൽ.
വില
പെട്രോൾ > 4.7 ലക്ഷം മുതൽ 6.19 ലക്ഷം രൂപ വരെ
(എക്സ് ഷോറൂം വില).
ഡീസൽ > 5.6 ലക്ഷം മുതൽ 7.09 ലക്ഷം രൂപ വരെ
(എക്സ് ഷോറൂം വില).