കൊച്ചി/കാക്കനാട്: മൂന്നു വയസുകാരിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃ സഹോദരിയെയും ഇവരുടെ സുഹൃത്ത് ആന്റണി ടിജിനെയും തൃക്കാക്കര പോലീസ് ചോദ്യം ചെയ്തു.
സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരെ ഇന്നലെ മൈസൂരുവില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12.30 ന് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു.
ഇരുവര്‍ക്കുമൊപ്പം മാതൃസഹോദരിയുടെ പത്തു വയസായ മകനും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ആന്റണി ടിജിന് താന്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ചു.
കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും വാശിവരുമ്പോള് ദേഹത്ത് സ്വയം മര്‍ദനം ഏല്‍പ്പിക്കുമെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി തൃക്കാക്കര പോലീസ് പറഞ്ഞു.
ആന്റണി ടിജിന് കുന്തിരിക്കം കത്തിച്ചപ്പോള്‍ കുട്ടി അത് തട്ടിക്കളഞ്ഞപ്പോഴാണ് കൈയ്ക്ക് പൊള്ളലേറ്റതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
കുട്ടിയുടെ മാതൃസഹോദരിയെ എട്ടു മാസംമുമ്പ് അമ്പലത്തിനു മുന്നില്‍നിന്ന് മാല ചാര്‍ത്തി വിവാഹം ചെയ്തുവെന്നും ഇയാള്‍ പറയുന്നു.
അതേസമയം സംഭവത്തിനുശേഷം നാടുവിട്ട് പനങ്ങാടുള്ള ഗുണ്ടകളെ പേടിച്ചിട്ടാണെന്ന് ആന്റണി ടിജിന് പറഞ്ഞതായി പോലീസ് അറിയിച്ചു.
കുട്ടിയുടെ അമ്മയുടെ സഹോദരന് വിദേശത്തുവച്ച് മരിക്കുകയുണ്ടായി. പനങ്ങാടുള്ള ചിലരാണ് ഇയാളെ വിദേശത്ത് കൊണ്ടുപോയത്.
മരണശേഷം പനങ്ങാടുള്ള ചിലര്‍ക്ക് ഈ കുടുംബവുമായി കടുത്ത വിരോധം ഉണ്ടെന്ന് ഇയാള്‍ കുട്ടിയുടെ കുടുംബത്തെ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിനു ശേഷം ഇവരെ വിട്ടയയ്ക്കും. നിലവില്‍ ഇയാള്‍ക്കെതിരേ കേസില്ല.
മൈസൂരു-ബംഗളൂരു റോഡില്‍ ഇന്നലെ പുലര്‍ച്ചെ വിശ്രമിക്കുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്.
കുട്ടിക്കു മര്‍ദനമേറ്റ സംഭവത്തില്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ആദ്യം മുതല്‍ സംശയമുനകള്‍ നീണ്ടിരുന്നത് ആന്റണിക്കു നേരെയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. പിന്നീട് ആശുപത്രിയിലുള്ള കുട്ടിയുടെ അമ്മയും അമ്മൂമ്മയും മുഖേനയും പോലീസ് സമ്മര്‍ദം ചെലുത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വഴി നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ ആന്റണിയെ കണ്ടെത്തിയത്.
തൃക്കാക്കര എസ്ഐ എന്‍.ഐ. റഫീക്, എസ്ഐ ഗിരീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാബിര്‍, രഞ്ജിത്, രജിത എന്നിവരാണ് മൈസൂരുവിലെത്തി മൂവരെയും കസ്റ്റഡിയിലെടുത്തത്.
ആന്റണി ടിജിന് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ താന്‍ കൊച്ചിയില്‍തന്നെ ഉണ്ടെന്നും തനിക്ക് ഭീഷണിയുള്ളതിനാലാണ് ഹാജരാകാത്തതെന്നുമായിരുന്നു പറഞ്ഞിരുന്നത്.
കുട്ടിയും അമ്മയും അമ്മൂമ്മയും ഐസിയുവിൽ തുടരുന്നു
കോലഞ്ചേരി: ഗുരുതര പരിക്കേറ്റ് കഴിഞ്ഞ തിങ്കളാഴ്ച്ച കോലഞ്ചേരി മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ച കുട്ടി പീഡിയാട്രിക്ക് ഐസിയുവിൽ ന്യൂറോ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കഴിയുന്നു. കു
ട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെന്നാണ് മെഡിക്കൽ വൃത്തങ്ങൾ നല്കുന്ന സൂചന. മറ്റ് സഹായങ്ങളില്ലാതെ വായിലൂടെ ഭക്ഷണം കഴിക്കാനും പ്രതികരിക്കാനും ശ്രമിക്കുന്നു.
ഇതിനിടെ വ്യാഴാഴ്ച്ച പുലർച്ചെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നു ഇരുവരും ഐസിയുവിൽ തുടരുകയാണ്.