ന്യൂഡൽഹി: യുവാക്കളുടെയിടയിൽ വൈറ(സാ)ലായി പടർന്ന ടിക് ടോക്ക് ആപ്പിനെ ഇന്ത്യയിൽനിന്നും ഗൂഗുൾ തൂത്തെറിഞ്ഞു. ഇതോടെ ഇന്ത്യയിൽനിന്നും ടിക് ടോക്ക് അപ്രത്യക്ഷമാകും. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി. അശ്ലീല പ്രചരിപ്പിക്കുന്നു, ആപ്പ് ഉപയോഗിക്കുന്ന കുട്ടികൾ ലൈംഗീക ചൂഷണത്തിനു ഇരയാകാൻ ഇടയാക്കുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്ക് നിരോധിച്ചത്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കേന്ദ്രസർക്കാർ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇന്ത്യയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ടിക് ടോക്ക് ലഭ്യമല്ല. മറ്റൊരു കമ്പനിയുടെ ആപ്പിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും പ്രാദേശിക നിയമങ്ങളോട് ചേർന്ന് പ്രവർത്തിക്കുമെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ആപ്പിള്‍ ഇത് വരെയും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചിട്ടില്ല.
ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.