ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിനിടെ തെരഞ്ഞെടുപ്പ് ഓഫീസറോട് കയര്‍ത്ത് ബി.ജെ.പി നേതാക്കളുടെ വായടപ്പിച്ച് ടിക്കാറാം മീണ.
സി.ഇ.ഒയുടെ ഓഫീസിലെ സ്ഥലപരിമതി ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി രോഷം കൊണ്ടത്. എത്രയോ ഹാളുകള്‍ ഇവിടുണ്ടെന്നും അവ തുറന്നുകൂടേയെന്നും നേതാക്കള്‍ ചോദിച്ചു. ഇതോടെ തന്റെ ഓഫീസില്‍ വന്ന് തന്നോട് ദേഷ്യപ്പെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് ടിക്കാറാം മീണയും പറഞ്ഞു. ഞാന്‍ നിങ്ങളുടെ ബോസാണെന്നും പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞതും ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയും മുതിര്‍ന്ന നേതാവ് ജെ. പത്മകുമാറും ഇതിനെ എതിര്‍ത്തു. നിങ്ങള്‍ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്ന് ഇതുവരും ചോദിച്ചു. മീണ നിയമപരമായല്ല കാര്യങ്ങള്‍ കാണുന്നതെന്നും രാഷ്ട്രീയ നേതാക്കളോട് പരസ്പര ബഹുമാനത്തോടെ സംസാരിക്കണമെന്നും ഇവര്‍ പറഞ്ഞു. ഇരിക്കാന്‍ കസേര പോലും നല്‍കിയില്ലെന്നും ബി.ജെ.പി നേതാക്കള്‍ പരാതിപ്പെട്ടു. സ്ഥലപരിമിതി മനസിലാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും നേതാക്കള്‍ പരിഗണിച്ചില്ല.
യോഗം തുടങ്ങുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നു. നേതാക്കളുമായി തര്‍ക്കം മുറുകിയതോടെ മാധ്യമപ്രവര്‍ത്തകരോട് ഹാള്‍ വിട്ട് പുറത്തു പോകാന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയം ഇക്കുറി തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കരുതെന്ന് ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനും പി. സുരേന്ദ്രനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. യോഗം കഴിഞ്ഞതിന് പിന്നാലെ ശബരിമല തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയും പറഞ്ഞു.