ടിക്ടോക് വീഡിയോകള്‍ക്കായി കാട്ടികൂട്ടുന്ന സാഹസങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്. വൈറലാകാനായി എന്തും ചെയ്യാമെന്ന രീതിയാണ് പുതുതലമുറയ്ക്ക്. ടിക്ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവ് അപകടത്തില്‍ പെട്ട് മരിക്കുന്ന വീഡിയോയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
സ്കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വിഡിയോ പകര്‍ത്തിയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് സ്കൂട്ടര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നില്‍ ഇരുന്ന യുവാവ് വിഡിയോ ടിക്ടോക്കില്‍ അപ്ലോഡ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഒരാള്‍ മരിച്ചു.
ടിക്ടോക് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് നിമയസഭയിൽ പ്രമേയവും പാസാക്കിയിരുന്നു. ടിക് ടോക് വിഡിയോ ഷൂട്ടിന്റെ പേരിൽ ഓരോ ദിവസവും ദുരന്തങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. ടിക്ടോക്കിനെ ബ്ലൂ വെയിൽ ഗെയിമിനോടാണ് തമിഴ്നാട് ഇൻഫർമെഷൻ ടെക്നോളജി മിനിസ്റ്റർ താരതമ്യം ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ടിക്ടോക് വിഡിയോ ചെയ്യാൻ പുഴയിൽ ചാടിയ വിദ്യാർഥികളെ രക്ഷപ്പെടുത്തിയിരുന്നു.