ചങ്ങരംകുളം: ടിക് ടോക് എന്ന മൊബൈൽ ആപ്പ് വഴി ജനശ്രദ്ധ നേടുന്നതിന് ന്യൂജനറേഷൻ എടുക്കുന്ന ചലഞ്ചുകൾ അപകടങ്ങളും സംഘർഷങ്ങളും വർധിപ്പിക്കുന്നു. ആപ്പിൽ പോസ്റ്റുന്ന വീഡിയോയിലൂടെ കൂടുതൽ പേരുടെ ശ്രദ്ധയാകർഷിക്കുന്നതിനാണ് യുവാക്കൾ സാഹസികതകൾ മൊബൈലിൽ പകർത്തുന്നത്. കഴിഞ്ഞദിവസം തിരൂരിൽ ഇത്തരത്തിൽ നടന്ന വീഡിയോ പിടുത്തം സംഘർഷത്തിൽ അവസാനിക്കുകയും എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്കിലെ ‘നില്ല് നില്ല്’ ചലഞ്ചാണ് തിരൂരിൽ സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥികളും നാട്ടുകാരും തമ്മിൽ ക്രിക്കറ്റ് ബാറ്റും സ്റ്റംപും കത്തിയും കുറുവടികളുമായി നടന്ന സംഘർഷത്തിൽ സ്ത്രീയടക്കം എട്ടുപേർക്കാണ് പരിക്കേൽപിച്ചത്. ഓടുന്ന വാഹനം തടഞ്ഞു നിർത്തി, മരച്ചില്ലകളും കൈയിലേന്തി, ’നില്ല് നില്ല് എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ടിക് ടോക്കിലെ ചലഞ്ച്.
വെള്ളിയാഴ്ച നഗരത്തിൽ ഓടുന്ന വാഹനം തടഞ്ഞു നിർത്തി നൃത്തം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. ഗതാഗതക്കുരുക്ക് വൻ ജനരോഷത്തിന് കാരണമായതോടെ തുടങ്ങിയ സംഘർഷാവസ്ഥ അന്ന് മുതിർന്നവർ ഇടപെട്ട് പരിഹരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും സംഘർഷം ഉണ്ടാവുകയായിരുന്നു.
ടിക്ക് ടോക് ചലഞ്ചിനെ തുടർന്ന് വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായ സംഭവത്തിൽ പോലിസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പരുക്കേറ്റ് ചികിത്സ തേടിയവരിൽ നിന്നും കോളജിലെ അധ്യാപകരുടെയും മറ്റ് വിദ്യാർഥികളുടെയും മൊഴി തിരൂർ പോലിസ് രേഖപ്പെടുത്തി.
ഇതിനിടെ ആക്രമണത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികളെ കോളജ് മാനേജ്മെന്റ് പുറത്താക്കി. തിരൂർ കോ ഓപ്പറേറ്റീവ് കോളജ് പരിസരത്ത് കഴിഞ്ഞ ദിവസം സംഘർഷമുണ്ടാകുകയും കോളജ് പരിസരത്തെ കടയിലെ ജോലിക്കാരിയായ സ്ത്രീ ഉൾപ്പെടെ ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് നടപടി.
ആക്രമണത്തിന് നേത്യത്വം നൽകിയ വിദ്യാർഥികളെയും മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായും തുടർനടപടികൾ സ്വീകരിക്കുമെന്നും എസ്ഐ സുമേഷ് സുധാകർ വ്യക്തമാക്കി.ഏതാനും ദിവസം മുന്പ് പൊന്നാനിയിൽ ടിക് ടോക്കിനായി ബൈക്കിൽ സാഹസികത കാണിച്ച യുവാവിന് അപകടത്തിൽ പരിക്കേറ്റിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ ചങ്ങരംകുളത്തെ എടിഎം കൗണ്ടറിൽ കയറി ടിക് ടോക് ചലഞ്ചിന് മുതിർന്ന യുവാക്കളെ പോലീസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താക്കീത് നൽകി വിട്ടയച്ചിരുന്നു. നിയമവ്യവസ്ഥയുടെ അതിർവരന്പുകൾ ലംഘിച്ച് നടത്തുന്ന വീഡിയോ പിടുത്തങ്ങളാണ് പലപ്പോഴും അപകടങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാവുന്നത്.
ഇത്തരക്കാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വലിയ ആപത്തുകൾക്ക് സമൂഹം സാക്ഷിയാകേണ്ടി വരുമെന്നാണ് ജനങ്ങളുടെ ആശങ്ക.സംഭവത്തിന്റെ ഗൗരവം പോലീസും കാര്യമായി എടുത്തിട്ടുണ്ടെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.