മറയൂർ: ജെല്ലിക്കെട്ടിനും കാളയോട്ടത്തിനും ഉപയോഗിക്കുന്ന കാളയോടൊപ്പം കുളത്തിൽ ടിക്-ടോക് ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഉദുമലപേട്ടയ്ക്കു സമീപം കരിമത്തർപെട്ടി രായർ പാളയം സ്വദേശി പളനിസ്വാമിയുടെ മകൻ വിഘ്നേശ്വരൻ (22)ആണ് മരിച്ചത്.
തമിഴ്നാട്ടിലെ ഉത്സവങ്ങളോടനുബന്ധിച്ചു നടക്കുന്ന കാളവണ്ടിയോട്ട മത്സരത്തിനായി കാളകളെ പരിശീലിപ്പിക്കുന്ന സംഘത്തിൽപ്പെട്ടയാളാണ് വിഘ്നേശ്വരൻ. സുഹൃത്തുക്കളായ പരമേശ്വരൻ, ഭുവനേശ്വരൻ എന്നിവർ ചേർന്നു വീടിനു സമീപത്തെ കുളത്തിൽ ടിക്-ടോക് വീഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ കാള വിരണ്ട് ആഴമുള്ള ഭാഗത്തേക്കു നീന്തി.
കാളയുടെ മുതുകിൽ പിടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെള്ളക്കെട്ടിലെ ആഴമുള്ള ഭാഗത്തേക്കു വിഘ്നേശ്വരൻ വീഴുകയായിരുന്നു. പരമേശ്വരൻ നീന്തി രക്ഷപ്പെട്ടെങ്കിലും നീന്തൽ വശമില്ലാതിരുന്ന വിഘ്നേശ്വരനു രക്ഷപ്പെടാനായില്ല. രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് ഫയർ ഫോഴ്സും പോലീസും ചേർന്നു രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.