ബെയ്ജിംഗ്: യുവാക്കളുടെ മനംകവർന്ന ഇൻസ്റ്റന്റ് വീഡിയോ സ്ട്രീമിംഗ്/ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്കിന് പ്രചാരമേറുന്നു! 2018ന്റെ ആദ്യ പകുതിയിൽ ആപ്പിളിന്റെ ആപ് സ്റ്റോറിൽനിന്ന് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ് ടിക് ടോക്കാണ്. മാർക്കറ്റ് അനാലിസിസ് കമ്പനിയായ സെൻസർ ടവർ പുറത്തുവിട്ട കണക്കനുസരിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് എന്നിവ പിന്നിലായി.
ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലായി 100 കോടി ഡൗൺലോഡിംഗുള്ള ടിക് ടോക് ഇപ്പോൾ മത്സരിക്കുന്നത് ഫേസ്ബുക്കിനോടാണെന്നാണ് സെൻസർ ടവറിന്റെ റിപ്പോർട്ട്. ഇതിൽ 66.3 കോടി ഡൗൺലോഡിംഗുകൾ 2018ലാണ്. അതേസമയം, കഴിഞ്ഞവർഷം 71.1 കോടി, 44.4 കോടി പുതിയ ഉപയോക്താക്കളാണ് യഥാക്രമം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകൾ ഡൗൺലോഡ് ചെയ്തത്.
ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ടിക് ടോക്കിന്റെ സ്വീകാര്യത ഏറിവരികയാണ്. ടിക് ടോക്കിന്റെ 25 ശതമാനം ഡൗൺലോഡിംഗുകളും ഇന്ത്യയിലാണ്. 25 കോടി പേർ ഇന്ത്യയിൽ ടിക് ടോക് ഉപയോഗിക്കുന്നു. കഴിഞ്ഞ മാസം ടിക് ടോക് ഉപയോഗിക്കാൻ തുടങ്ങിയവരിൽ 43 ശതമാനവും ഇന്ത്യക്കാരാണ്.