കാണാതായ ഭർത്താവിനെ യുവതി മൊബൈൽ ആപ്ലിക്കേഷനായ ടിക്ടോക്കിൽ കൂടി കണ്ടെത്തി. തമിഴ്നാട് വിഴുപുരം സ്വദേശിനിയായ ജയപ്രദയാണ് രണ്ട് വർഷം മുമ്പ് വീട് വിട്ട് പോയ ഭർത്താവ് സുരേഷിനെ ടിക്ടോക്കിന്റെ സഹായത്തോടെ കണ്ടെത്തിയത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾക്കൊപ്പമുള്ള ടിക് ടോക്ക് രംഗമാണ് പ്രചരിച്ചത്. സുരേഷിനെ ആദ്യം തിരിച്ചറിഞ്ഞത് ജയപ്രദയുടെ ബന്ധുവാണ്. ഇവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൊസൂരിൽ നിന്നും സുരേഷിനെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയതാണെന്ന് ഇയാൾ സമ്മതിച്ചു. കൗണ്‍സിലിംഗ് നൽകിയതിനെ തുടർന്ന് ഭാര്യയ്ക്കൊപ്പം ജീവിക്കാമെന്ന് ഇദ്ദേഹം സമ്മതിച്ചു. ഒരു ട്രാക്ടർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു സുരേഷ്.
2017ലാണ് സുരേഷിനെ കാണാതായത്. ഏറെ അന്വേഷണം നടത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.