ന്യൂഡൽഹി: മൊബൈൽ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനു വിലക്കേർപ്പെടുത്തിയ വിഷയത്തിൽ രണ്ടു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കാൻ മദ്രാസ് ഹൈക്കോടതിക്കു സുപ്രീം കോടതിയുടെ നിർദേശം.
നാളെ തീരുമാനമെടുത്തില്ലെങ്കിൽ ടിക് ടോക്കിന്റെ നിരോധനം നീക്കിയതായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ടിക് ടോക്ക് ഉടമകൾ നല്കിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിന്മേൽ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അതു പരിഗണിച്ചില്ല.
ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും തങ്ങളുടെ വാദം മതിയായ രീതിയിൽ പരിഗണിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അശ്ലീലം പ്രോത്സാഹിപ്പിക്കുന്നെന്നും കുട്ടികളെ മോശമായി ചിത്രീകരിക്കുന്നെന്നും സംസ്കാരം തകർക്കുന്നെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിനു വിലക്കേർപ്പെടുത്തിയത്.