ന്യൂഡൽഹി: ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്നു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ഡൽഹിയിൽ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്ളൈഓവറിലാണു സംഭവം. സൽമാൻ എന്ന പത്തൊന്പതുകാരനാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി സൽമാനും സുഹൃത്തുക്കളും ചേർന്ന് ഇന്ത്യാഗേറ്റിലേക്കു പോയിരുന്നു. ഇവിടെനിന്നു മടങ്ങുന്പോൾ വാഹനമോടിച്ചിരുന്ന സൽമാനു നേരെ സുഹൃത്തായ സൊഹെയ്ൽ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ചൂണ്ടി. ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിക്കവെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സൽമാന്റെ ഇടതുകവിൾ തകർത്ത് വെടിയുണ്ട പാഞ്ഞു.
ഇതോടെ ഭയചകിതരായ സുഹൃത്തുക്കൾ ചേർന്ന് സൽമാനെ സൊഹെയ്ലിന്റെ ബന്ധുവിന്റെ വീട്ടിൽ എത്തിച്ചു. വസ്വ്രും രക്തക്കറയും മാറ്റിയശേഷം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൽമാൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് സൊഹെയ്ൽ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.