യുവതലമുറയുടെ ഹരമായി മാറിയ ഒരു സമൂഹ മാധ്യമമാണ് ടിക്ടോക്ക്. നിലവില്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും ലോകമെമ്പാടും നിരവധിയാളുകളാണ് ഇപ്പോഴും ടിക്ടോക്കിനെ പിന്തുടരുന്നത്.
വ്യത്യസ്തമായ കഴിവുകളവതരിപ്പിച്ച് ഒരുപാടുപേര് ടിക്ടോക്കില്‍ താരങ്ങളായുണ്ട്.
ഇപ്പോള്‍ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള താരം അമേരിക്കകാരിയായ ചാര്‍ലി ഡി അമേലിയൊ ആണ്.
മികച്ചൊരു നര്‍ത്തകി കൂടിയായ ഈ 18 കാരിയെ നിലവില്‍ 141.7 മില്ല്യണ്‍ ആളുകളാണ് പിന്തുടരുന്നത്.
എന്നാല്‍ ഈ ഒന്നാം സ്ഥാനത്തിന് ഇനി അധികം ആയുസില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. സെനഗല്‍ സ്വദേശിയായ ഖാബി ലേം ആണ് ചാര്‍ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. 140.8 മില്ല്യണ്‍ ആളുകളാണ് നിലവില്‍ ഈ 22 കാരനെ പിന്തുടരുന്നത്.
ഇദ്ദേഹത്തിന്റെ വീഡിയോകളില്‍ നിശബ്ദമായ ഭാവപ്രകടനമാണ് സാധാരണയായി കാണാന്‍ കഴിയുക.
മുമ്പ് ഇറ്റലിയിലെ ഒരു തൊഴില്‍ശാലയില്‍ സാധാരണ ജീവനക്കാരനായിരുന്ന ഖാബി വളരെ പെട്ടെന്നാണ് തന്റെ വേറിട്ട പ്രകടനങ്ങളിലൂടെ ജന ശ്രദ്ധയാകര്‍ഷിച്ചത്.
ടിക്ടോക്കില്‍ മാത്രമല്ല ട്രോളിലും മീമുകളിലും ഇദ്ദേഹം വലിയ സാന്നിധ്യമാണ്.
സമൂഹ മാധ്യമങ്ങളെ വിശകലനം ചെയ്യുന്ന സോഷ്യല്‍ ബ്ലെയ്ഡ് എന്ന വെബ്സൈറ്റ് പ്രകാരം കഴിഞ്ഞ മാസം ചാര്‍ലി ഡി അമേലിയൊ 10 ലക്ഷം ഫോളോവേഴ്സിനെ നേടിയപ്പോള്‍ 30 ലക്ഷം ആളുകളാണ് ഖാബിയെ പുതിയതായി പിന്‍പറ്റുന്നത്. കഴിഞ്ഞ മാസത്തെ ടിക്ടോക്ക് രാജാവെന്ന പദവി ലഭിച്ചതും ഖാബിയ്ക്കാണ്.
ഏതായാലും ഇരുവരും തമ്മിലുള്ള ഈ പോരാട്ടത്തില്‍ ആരാകും ഒന്നാമത് എത്തുക എന്ന ആകാംക്ഷയിലാണ് ഇവരുടെ ആരാധകരും ടിക്ടോക്ക് ഉപയോക്താക്കളും.