സിജോ പൈനാടത്ത്
കൊച്ചി: ഹ്രസ്വ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്ക് നിരോധിക്കണമെന്നു വിവിധ കേന്ദ്രങ്ങളിൽനിന്നു മുറവിളി ഉയരുന്നതിനിടെ, തങ്ങളുടെ ആപ്ലിക്കേഷന്റെ ഉപയോഗം സുരക്ഷിതമാണെന്നു തെളിയിക്കാൻ ടിക് ടോക്ക് പുതിയ ട്രിക്കുകളുമായി രംഗത്ത്. പുതുതലമുറയിൽ ഇന്റർനെറ്റ് സുരക്ഷാ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കാനുള്ള പദ്ധതിയുമായാണു ടിക് ടോക്ക് തങ്ങൾക്കെതിരേ ഉയരുന്ന എതിർപ്പുകളെ തടയിടാൻ ശ്രമിക്കുന്നത്.
ചൈനയിൽനിന്നുള്ള ഓണ്‍ലൈൻ ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ കുട്ടികളും യുവാക്കളും പങ്കുവയ്ക്കുന്ന വീഡിയോകൾ സദാചാരത്തിന്റെ പരിധി ലംഘിക്കുന്നുവെന്ന ആക്ഷേപവുമായി തമിഴ്നാട് സർക്കാർ രംഗത്തെത്തിയിരുന്നു. ടിക് ടോക്ക് നിരോധിക്കാനുള്ള ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നു തമിഴ്നാട്ടിലെ ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പരസ്യമായി നിലപാടെടുത്തു.
സോഷ്യൽ മീഡിയയിലൂടെയും എതിർപ്പുകൾ രൂക്ഷമാകുന്നതിനിടെയാണു കന്പനി മറുതന്ത്രം മെനയുന്നത്. സേഫ് ഹം സേഫ് എന്ന പേരിലാണു ടിക് ടോക്ക് ഇന്റർനെറ്റ് സുരക്ഷാ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയ രംഗത്തു ബോധവത്കരണ പരിപാടികൾ നടത്തുന്ന സൈബർ പീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക.
രാജ്യത്തെ സ്കൂളുകളിലും കോളജുകളിലും മറ്റു പ്രാദേശിക തലങ്ങളിലും ടിക് ടോക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും കരുതലിനെക്കുറിച്ചുമുള്ള ബോധവത്കരണ പരിപാടികളാണു പദ്ധതിയിലെ പ്രധാന പ്രവർത്തനം.
ഇന്ദിരാഗാന്ധി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വുമണ്‍ പ്രോ വൈസ് ചാൻസലർ ഡോ. അമിതദേവ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയിലെ ഡോ. എയ്ഞ്ചൽ രത്നഭായ്, ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് സൈബർ സെൽ എസ്പി സിദ്ധാർഥ ജെയിൻ തുടങ്ങിയവരുടെ മാർഗനിർദേശങ്ങളോടെയാണു പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച പോസ്റ്ററുകളും സ്റ്റിക്കറുകളും പ്രചാരണ വീഡിയോകളും തയാറാക്കുമെന്നും ടിക് ടോക് (ഇന്ത്യ) പബ്ലിക് പോളിസി ഡയറക്ടർ സന്ധ്യ ശർമ പറഞ്ഞു.
ടിക് ടോക്കിലെ അപകടങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ഫീച്ചറുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക് ടോക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനു സമയപരിധി കൊണ്ടുവരുമെന്നും അവർ അറിയിച്ചു. അവതരിപ്പിച്ചു ചുരുങ്ങിയ നാളുകൾക്കുള്ളിൽ വൻ പ്രചാരം നേടിയ ടിക് ടോക്ക്, ഇന്ത്യയിൽ 2.45 കോടി ആളുകൾ പ്രതിദിനം ഉപയോഗിക്കുന്നുണ്ട്. ചൈനയിലെ ബൈറ്റ്ഡാൻസ് കന്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ് സംരംഭമാണു ടിക് ടോക്ക്.